വ്യാജരേഖകൾ സമർപ്പിച്ച് പണം തട്ടിയെടുത്ത കേസ്; പത്ത് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷ
text_fieldsമനാമ: സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷനും (എസ്.ഐ.ഒ) ലേബർ ഫണ്ടിനും (തംകീൻ) വ്യാജരേഖകൾ സമർപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ പത്ത് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷ. 230,000 ബഹ്റൈൻ ദിനാർ (ഏകദേശം 5.06 കോടി ഇന്ത്യൻ രൂപ) അനധികൃതമായി കൈക്കലാക്കിയ കേസിലാണ് ശിക്ഷ. പ്രതികളായ പത്ത് ബഹ്റൈൻ പൗരന്മാരിൽ നാലുപേർ സഹോദരങ്ങളാണ്. വ്യാജരേഖകൾ ഉണ്ടാക്കുക, ഉപയോഗിക്കുക എന്നിങ്ങനെ ആറ് കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. തട്ടിപ്പിന്റെ പ്രധാന സൂത്രധാരന്മാരായ രണ്ട് സഹോദരങ്ങൾ കമ്പനി ഉടമകളാണ്.
ഇവർ വ്യാജ തൊഴിൽ കരാറുകൾ സമർപ്പിച്ച് എസ്.ഐ.ഒയിൽനിന്ന് 90,000 ദിനാറും തംകീനിൽനിന്ന് 140,000 ദിനാറും കൈപ്പറ്റിയെന്നാണ് കേസ്. രണ്ട് സ്ഥാപനങ്ങൾക്കും മനഃപൂർവം തെറ്റായ വിവരങ്ങൾ നൽകിയതിന് ഇവരെ ഹൈ ക്രിമിനൽ കോടതി 10 വർഷം തടവിന് പുറമേ ഓരോ ലക്ഷം ദിനാർ പിഴയടക്കാനുമാണ് ശിക്ഷിച്ചത്. സാമൂഹിക ഇൻഷുറൻസ് ആനുകൂല്യങ്ങൾ നേടുന്നതിനായി പുതിയ ജീവനക്കാരെ തങ്ങളുടെ വാണിജ്യ രജിസ്ട്രേഷൻ (സി.ആർ) രേഖകളിൽ വ്യാജമായി ചേർത്താണ് ഇവർ തട്ടിപ്പ് നടത്തിയത്.പ്രധാന പ്രതികളായ സഹോദരങ്ങളെ സഹായിച്ചതിന് മറ്റു എട്ട് പ്രതികൾക്ക് ഒരുവർഷം തടവും 500 ബഹ്റൈൻ ദിനാർ വീതം പിഴയും കോടതി വിധിച്ചു
. ഇവർ വ്യാജ ശമ്പളവും ഒപ്പുകളുമുള്ള വ്യാജ തൊഴിൽ കരാറുകൾ ഉണ്ടാക്കിയതായി കണ്ടെത്തി. തട്ടിപ്പിന്റെ ഭാഗമായി വ്യാജരേഖകളാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ അവ ഉപയോഗിച്ചതിനും ഇവർക്കെതിരെ കുറ്റം ചുമത്തിയിരുന്നു. തട്ടിപ്പിനെക്കുറിച്ച് വിവരം ലഭിച്ചതിനെതുടർന്ന് പ്രതികളുടെ യാത്രാവിലക്ക് ഏർപ്പെടുത്താനും ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും മരവിപ്പിക്കാനും പ്രോസിക്യൂഷൻ ഉത്തരവിട്ടു.
ഈ തട്ടിപ്പിൽ എട്ട് വാണിജ്യ രജിസ്ട്രേഷനുകളും അവയ്ക്ക് കീഴിലുള്ള 33 കമ്പനികളും ഉൾപ്പെട്ടിട്ടുണ്ട്.പത്ത് പ്രതികളിൽ മൂന്ന് പുരുഷന്മാരും ഏഴ് സ്ത്രീകളുമുണ്ട്. എക്സിക്യൂട്ടിവ്, മാനേജർ, റിയൽ എസ്റ്റേറ്റ് ഏജന്റ്, സെക്രട്ടറി, ഓഫിസ് അസിസ്റ്റന്റ് തുടങ്ങിയ ജോലികൾ ചെയ്യുന്നവരാണ് ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

