സ്കൂൾ ബസിൽ കുഞ്ഞിനെ മറന്നു; സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർക്കെതിരെ കേസ്
text_fieldsമനാമ: സ്കൂൾ ബസിൽ ഉറങ്ങിപ്പോയ വിദ്യാർഥിയെ ശ്രദ്ധിക്കാതെ പോയ സ്വകാര്യ സ്കൂൾ ബസ് ഡ്രൈവറെ പൊതു പ്രോസിക്യൂഷന് റഫർ ചെയ്തതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മന്ത്രാലയം ഇന്നലെ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കുട്ടിയെ മറന്നുപോയെങ്കിലും പിന്നീട് കാര്യം ഡ്രൈവർ തിരിച്ചറിയുകയും തിരികെ വന്ന് കുട്ടിയെ സുരക്ഷിതനായി കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ, ഈ സംഭവം കുട്ടിയുടെ മാതാപിതാക്കളിൽനിന്ന് മറച്ചുവെക്കാൻ ഡ്രൈവർ ശ്രമിച്ചതായി ആരോപണമുണ്ട്. ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ് നടപടിക്ക് കാരണമായത്.
സ്വകാര്യ സ്കൂളുകളിലെ സ്കൂൾ ബസുകളിലും ഡ്രൈവർമാരിലും പാലിക്കേണ്ട സുരക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്കൂൾ അധികൃതരുമായി ചേർന്ന് പ്രവർത്തിക്കാൻ ഒരു അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ വിദ്യാഭ്യാസ, പ്രവർത്തന പ്രക്രിയകളിലും ഏറ്റവും ഉയർന്ന നിലവാരമുള്ള മേൽനോട്ടം ഉറപ്പാക്കുന്നതിൽ തങ്ങൾക്ക് പ്രതിബദ്ധതയുണ്ടെന്നും മന്ത്രാലയം ആവർത്തിച്ചുവ്യക്തമാക്കി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലുള്ള ജാഗ്രതക്ക് മന്ത്രാലയം രക്ഷിതാക്കൾക്കും സമൂഹത്തിനും നന്ദി അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

