ഓർമയിലേക്കോടിയെത്തുന്ന കരോൾ രാവുകൾ
text_fieldsക്രിസ്മസ് എന്ന് കേൾക്കുമ്പോഴേ മനസ്സിൽ ഓടിയെത്തുന്ന ഓർമകൾ ഒരുപിടി സംഗീതവുമായി വീടുകൾതോറും കയറിയിറങ്ങുന്ന കരോൾ രാവുകളാണ്. ഡിസംബറിനെ വരവേറ്റുകൊണ്ട് ഒന്നാം തീയതി മുതൽ കരോൾ സംഘങ്ങൾ സജീവമാകുന്ന കാഴ്ച ബഹ്ൈറനിൽ എങ്ങും കാണാൻ സാധിക്കുന്നത് സന്തോഷനിമിഷമാണ് പ്രദാനം ചെയ്യുന്നത്.
കരോൾ പാട്ടുകളോടൊപ്പം അകമ്പടിയായി സംഗീത ഉപകരണങ്ങൾ പ്രത്യേകിച്ച് തമ്പേർ, സൈഡ് ഡ്രം ഒപ്പം ഒരു പാട്ട് കഴിഞ്ഞ് അടുത്ത സെക്കൻഡിൽ വാക്യങ്ങൾ പറയുന്ന ആവേശം നിറഞ്ഞ കരോൾ സർവിസ് എന്നും ഉത്സാഹത്തിന്റെ, പരസ്പര പ്രോത്സാഹനത്തിന്റെ, സൗഹൃദത്തിന്റെ ഭാഷയാണ് പകർന്നുനൽകുന്നത്. കരോൾ പാട്ടുകൾ പാടി വീട്ടുകാർക്ക് ക്രിസ്മസ് സന്ദേശവും ആശംസയും നൽകി പിരിയാൻ നേരത്തെ മധുരം പങ്കിടലും ആവി പറക്കുന്ന കട്ടൻ കാപ്പിയും വീട് സന്ദർശനത്തിലെ ഒഴിച്ചുകൂടാനാവാത്ത രണ്ടുകാര്യങ്ങൾ എടുത്തുപറയേണ്ടതാണ്. കരോൾ പാടിക്കഴിഞ്ഞ് ഇറങ്ങാൻ നേരം മധുരതരമായ കേക്ക് കഷണവും കൂട്ടായി കാപ്പിയും ഇന്നും മിക്ക വീടുകളിലും കരുതുന്നത് ക്രിസ്മസിന്റെ സന്തോഷം പങ്കിടലാണ്.
പാട്ടുകൾ പാടി തമ്പേറിന്റെ അകമ്പടിയിൽ കൈത്താളം ഇട്ട് ഒരേ മനസ്സോടെ വാക്യവും പ്രതിവാക്യവുമായി മുന്നേറുന്ന കരോൾ സർവിസ് ഇന്നും നൽകുന്ന ഊർജം ചെറുതല്ല. ഇത്തവണത്തെ ക്രിസ്മസ് മധുരതരമാക്കുന്നതിന് വ്യക്തിപരമായി മറ്റൊരു കാരണവും ഒത്തുവരുന്നു. വർഷങ്ങളായി പാട്ടും വാക്യങ്ങളുമായി ആവേശപൂർവം ക്രിസ്മസ് രാവുകൾ സജീവമായി പിന്നിട്ട് ഇത്തവണ ആദ്യമായി ഒരു ക്രിസ്മസ് കരോൾ പാട്ട് വരികൾ എഴുതി ഈണം നൽകി ക്രിസ്മസിന് ഇറങ്ങുന്നു എന്ന പ്രത്യേകതയും ഒരുപാട് സന്തോഷം നൽകുന്നു. അങ്ങനെ ഇത്തവണത്തെ ക്രിസ്മസ് പാട്ടുപാടുന്നതിനൊപ്പം പാട്ട് രചിക്കാനും ഈണം നൽകാനും സാധിച്ചു എന്ന ചാരിതാർഥ്യത്തോടെയാണ് ക്രിസ്മസിനെ വരവേൽക്കുന്നത്. പ്രവാസികളുടെ ക്രിസ്മസ് കരോൾ ദിനങ്ങൾ മറുനാട്ടിലും ആവേശപൂർവം സ്വീകരിക്കുന്ന സൗഹൃദബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്ന കുടുംബസന്ദർശനം അർഥവത്താണ്.
സഹിഷ്ണുതയോടെ ക്രിസ്മസ് കരോൾ സംഘങ്ങളെ വരവേൽക്കുന്ന സ്വദേശികളും വിദേശികളും പ്രവാസികളുമടങ്ങുന്ന ക്രിസ്മസിന്റെ നന്മ പ്രസരിപ്പിക്കുന്ന ഇടമായി മതസൗഹാർദത്തിന് പേരുകേട്ട ബഹ്റൈനും ഇടം പിടിച്ചിരിക്കുന്നു. ക്രിസ്മസിനെ ചേർത്തുപിടിക്കുന്ന പൊറ്റമ്മയുടെ നാട്ടിലെ ക്രിസ്മസ് ആഘോഷങ്ങൾ നന്മയുടെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും കണികകൾ കൂടുമ്പോൾ ഇമ്പമുള്ള കുടുംബത്തിലും കൂട്ടായ്മയിലും സമൂഹത്തിലും ആകെ പടർന്നുപന്തലിക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

