ഗ്യാസ് സിലണ്ടറിന് തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തി കാർ മോഷണം
text_fieldsമനാമ: ഗ്യാസ് സിലിണ്ടറിന് തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തി കാർ മോഷ്ടിച്ച കേസിൽ രണ്ടുപേരെ ഹൈ ക്രിമിനൽ കോടതി അഞ്ചുവർഷത്തെ തടവിന് ശിക്ഷിച്ചു. 40 വയസ്സുള്ള പുരുഷനെയും കൂട്ടാളിയായ സ്ത്രീയെയുമാണ് ശിക്ഷിച്ചത്. ഈസ്റ്റ് റിഫയിലെ മാർക്കറ്റിലാണ് സംഭവം നടന്നത്. കുടുംബമാണ് കാറിൽ സഞ്ചരിച്ചിരുന്നത്. ഗൃഹനാഥൻ കാറിൽനിന്നിറങ്ങി കടയിലേക്കുപോയ സമയത്താണ് സംഭവം.
കാറിൽ സ്ത്രീയും കുട്ടിയും മാത്രമായിരുന്നു. ഈ സമയം ഗ്യാസ് സിലിണ്ടറും ലൈറ്ററുമായി എത്തിയ പ്രതി സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തി കാറിൽ നിന്നിറങ്ങാൻ സ്ത്രീയെയും മകളെയും നിർബന്ധിച്ചു. സ്ത്രീയുടെ പക്കലുണ്ടായിരുന്ന സാധനങ്ങളും കൈക്കലാക്കി. തുടർന്ന് വാഹനവുമായി രക്ഷപ്പെടുകയും ചെയ്തു. സുരക്ഷാ കാമറകളിൽ ദൃശ്യം പതിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതി വേറെയും മോഷണം നടത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

