ശൈഖ് ഖലീഫ സൽമാൻ ഹൈവേയിലെ കാറപകടം; പരിക്കേറ്റ കുട്ടികളിൽ രണ്ടുപേരുടെ നില ഗുരുതരം
text_fieldsമനാമ: കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ശൈഖ് ഖലീഫ സൽമാൻ ഹൈവേയിലുണ്ടായ കാറപടകടത്തിൽ പരിക്കേറ്റ കുട്ടികളിൽ രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നതായി ബന്ധുക്കൾ അറിയിച്ചു. അഞ്ചു പേരടങ്ങുന്ന സ്വദേശികുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടിരുന്നത്.
മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കുടുംബനാഥൻ അഹമ്മദ് ഇബ്രാഹിം (40), ഭാര്യ ഫാത്തിമ അബ്ബാസ് (36) എന്നിവർ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. ഇവരുടെ മൂന്നു മക്കളാണ് നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
മൂന്നു പേരേയും ഗുരുതരാവസ്ഥയിലായിരുന്നു ആശുപത്രിയിലെത്തിച്ചിരുന്നത്. ഇവരുടെ ഇളയ മക്കളായ അബ്ദുൽ അസീസ് (7), യൂസഫ് (9) എന്നിവരുടെ നില ഗുരുതരമായിതന്നെ തുടരുകയാണ്. ഇരുവർക്കും തലക്കാണ് പരിക്കേറ്റത്. ആന്തരിക രക്തസ്രാവം മൂലം രണ്ടു പേരും കോമയിൽ തുടരുകയാണ്.
അബ്ദുൽ അസീസിന്റെ നിലയാണ് കൂടുതൽ സങ്കീർണം. കാലുകൾക്ക് ശസ്ത്രക്രിയ ആവശ്യമായി വന്ന 12 വയസ്സുകാരിയായ മൂത്ത മകൾ അപകട നിലം തരണം ചെയ്തുവരുന്നതായും ബന്ധുക്കൾ അറിയിച്ചു. ദുരന്തം ബന്ധുക്കൾക്കും അവരുമായി അടുത്തുനിൽക്കുന്നവർക്കും വലിയ മാനസികാഘാതമാണുണ്ടാക്കിയത്. അഹമ്മദ് ഇബ്രാഹിമിന്റെയും ഭാര്യയുടെയും മരണാനന്തര ചടങ്ങിൽ നിരവധി പേരാണ് പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

