സാറിലെ കാറപകടം
text_fieldsമനാമ: സാറിൽ കഴിഞ്ഞ മെയ് 30നുണ്ടായ വാഹനാപകടത്തിൽ ഒമ്പത് വർഷത്തെ തടവിന് ശിക്ഷക്കപ്പെട്ട പ്രതി അപ്പീൽ നൽകി. അപകടത്തിൽ ഒരുകുടുംബത്തിലെ മാതാപിതാക്കളും ഒരു കുട്ടിയും മരണപ്പെട്ടിരുന്നു. വിചാരണകളിൽ 29കാരനായ പ്രതി മനപ്പൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായ ഡ്രൈവിങ്, സ്വത്ത് നാശനഷ്ടം, അമിതവേഗം, ലഹരി ഉപയോഗം തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
ലോവർ ക്രിമിനൽ കോടതിയുടെ വിധിയിൽ കുടുംബത്തിന്‍റെ മരണത്തിന് കാരണക്കാരനായതിൽ പ്രതിയെ ആറ് വർഷത്തെ തടവിന് ശിക്ഷിച്ചു. നരഹത്യ, ഗുരുതരമായ ശാരീരിക പരിക്കുകൾ എന്നിവയുൾപ്പെടെ എട്ട് കുറ്റങ്ങളിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി.
മദ്യപിച്ച് വാഹനമോടിക്കൽ, സ്വത്ത് നശിപ്പിക്കൽ, ക്രിമിനൽ അശ്രദ്ധ, മറ്റുള്ളവരുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങളും പ്രതിക്കെതിരെ ചുമത്തിയിരുന്നു. കൂടാതെ, ട്രാഫിക് നിയമങ്ങൾ ലംഘിക്കുക, മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുക, അപകടം നടന്ന റോഡിലെ വേഗപരിധിയുടെ 30 ശതമാനത്തിലധികം വേഗത്തിൽ വാഹനമോടിക്കുക തുടങ്ങിയ കുറ്റങ്ങൾക്കും ഇയാൾക്കെതിരെ വിധി വന്നിരുന്നു. വിധി പൂർത്തിയാക്കിയ ശേഷം പ്രതിയുടെ ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കാനും വാഹനം കണ്ടുകെട്ടാനും ട്രാഫിക് കോടതി ജഡ്ജി ഉത്തരവിട്ടു.
രണ്ടാമത്തെ വിചാരണയിൽ, ലഹരി ഉപയോഗത്തിനായി പ്രതി കഞ്ചാവ് കൈവശം വെച്ചിരുന്നുവെന്ന് കണ്ടെത്തി. ഇതിനായി ലോവർ ക്രിമിനൽ കോടതിയുടെ ഒന്നാം സർക്യൂട്ട് മൂന്ന് വർഷം തടവും 3,000 ദിനാർ പിഴയും ചുമത്തി. അതോടെ തടവ് ഒമ്പത് വർഷമായി ഉയരുകയായിരുന്നു.
പ്രതി യൊതൊരുവിധ ദയയും അർഹിക്കുന്നില്ല എന്ന് കണ്ടെത്തിയാണ് കോടതി വിധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, അറസ്റ്റ് വാറണ്ടില്ലാതെയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും, കുറ്റകൃത്യത്തിൽ പിടിക്കപ്പെട്ടിട്ടില്ലെന്നും, ലഹരി ഉപയോഗിച്ചതിന് തെളിവില്ലെന്നുമാണ് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. അപകടം മനപ്പൂർവമല്ലാതെ സംഭവിച്ചതാണെന്നും വാഹനം ഓടിക്കുമ്പോൾ അപസ്മാരം ഉണ്ടായതാണ് അപകടകാരണമെന്നും അതിനൊപ്പം വാഹനത്തിൻന്‍റെ ടയറുകളിലൊന്ന് പൊട്ടിയതിനാൽ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നും അദ്ദേഹം കോടതിൽ അറിയിച്ചിരുന്നു. ഓഗസ്റ്റ് 14ന് അപ്പീലുകളിൽ കോടതി വിധി പുറപ്പെടുവിക്കുമെന്ന് ജഡ്ജിമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

