സിത്രയിൽ ഫുട്ബാൾ സ്റ്റേഡിയം നിർമിക്കാനൊരുങ്ങി ക്യാപിറ്റൽ മുനിസിപ്പാലിറ്റി
text_fieldsസിത്രയിൽ ഫുട്ബാൾ സ്റ്റേഡിയം നിർമിക്കുന്ന സ്ഥലം അധികൃതർ സന്ദർശിക്കുന്നു
മനാമ: തലസ്ഥാനത്തെ ഏറ്റവും വലിയ ഫുട്ബാൾ സ്റ്റേഡിയം നിർമിക്കാനൊരുങ്ങി ക്യാപിറ്റൽ മുനിസിപ്പാലിറ്റി. സ്റ്റേഡിയം നിർമിക്കാൻ ഉദ്ദേശിക്കുന്ന സിത്രയിലെ സ്ഥലം ക്യാപിറ്റൽ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ മുഹമ്മദ് സാദ് അൽ സാഹ്‌ലി സന്ദർശിച്ചു.
ജനപ്രതിനിധി സഭാ കൗൺസിൽ അംഗം ജലീല അൽ സഈദ് അലവി, ബാപ്‌കോ റിഫൈനറി മോഡേണൈസേഷൻ പ്രോജക്ടിൻ്റെ ഹെൽത്ത്, സേഫ്റ്റി ആൻഡ് എൻവയോൺമെന്‍റ് ഡയറക്ടർ അഹമ്മദ് ഖലീൽ, ബാപ്‌കോ എനർജിയുടെ കീഴിലുള്ള ബാപ്‌കോ റിഫൈനിങ് കമ്പനിയിലെ ഉദ്യോഗസ്ഥർ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ജീവിത നിലവാരം ഉയർത്തുന്നതിനും കായിക വിനോദങ്ങൾക്ക് സുരക്ഷിതമായ ഒരന്തരീക്ഷം ഒരുക്കുന്നതിനുമായി കമ്മ്യൂണിറ്റി, സ്‌പോർട്‌സ് ഇൻഫ്രാസ്ട്രക്ചറുകൾ സ്ഥാപിക്കുന്നതിനുള്ള മുനിസിപ്പാലിറ്റിയുടെ കാഴ്ചപ്പാടിന് അനുസൃതമാണ് ഈ പദ്ധതിയെന്ന് എൻജിനീയർ അൽ-സാഹ്‌ലി പറഞ്ഞു. യുവ പ്രതിഭകളെ വളർത്താനും അവരുടെ സമയം ക്രിയാത്മകമായി ഉപയോഗിക്കാനും അതുവഴി അവരുടെ കഴിവുകൾ വികസിപ്പിക്കാനും ലക്ഷ്യമിടുന്ന ഈ പദ്ധതിക്ക് പിന്തുണ നൽകിയ ബാപ്‌കോ എനർജി ഗ്രൂപ്പിന്‍റെ പങ്കാളിത്തത്തെ അദ്ദേഹം അഭിനന്ദിച്ചു.
8,184 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നിർമിക്കുന്ന സിത്ര സ്റ്റേഡിയത്തിൽ ഏറ്റവും മികച്ച കൃത്രിമ പുല്ല് ഉപയോഗിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ മൈതാനം ഒരുക്കും. കൂടാതെ സ്റ്റേഡിയത്തിൽ ഡ്രസ്സിംഗ് റൂമുകൾ, പാർക്കിംഗ് ഏരിയകൾ, കാൽനടക്കാർക്കായി പ്രത്യേക പാതകൾ, ലാൻഡ്സ്കേപ്പ്ഡ് ഗ്രീൻ സ്പേസുകൾ എന്നിവയും ഉണ്ടാകും. ഈ പദ്ധതി പ്രദേശത്തെ താമസക്കാരുടെ ആവശ്യങ്ങൾക്കനുസൃതമായും നിയമനിർമ്മാണ-കാര്യനിർവഹണ വിഭാഗങ്ങളും സ്വകാര്യ മേഖലയും തമ്മിലുള്ള സഹകരണത്തിന്‍റെ ഭാഗവുമായാണെന്ന് എം.പി ജലീല അൽ-സഈദ് അലവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

