റമദാനിൽ സമയം അറിയിക്കാൻ ഇനി പീരങ്കി മുഴങ്ങും
text_fieldsറമദാൻ ഒന്നിന്റെ നോമ്പ് തുറ സമയത്ത് അറാദ് ഫോർട്ടിൽ പീരങ്കി മുഴക്കിയപ്പോൾ
മനാമ: റമദാൻ ആരംഭിച്ചതോടെ നോമ്പുതുറ സമയവും വ്രതാരംഭവും അറിയിക്കാനായി രാജ്യത്ത് പ്രധാനയിടങ്ങളിൽ ഇനി പാരമ്പര്യത്തിന്റെ ഭാഗമായ പീരങ്കി മുഴങ്ങും.
മുഹറഖിലെ അറാദ് ഫോർട്ട്, ദുറാസിലെ അബു സുബ്ഹ് ബീച്ച്, റിഫയിലെ ഹുനൈനിയ വാലി, ദി അവന്യൂസ് ബഹ്റൈൻ എന്നിവിടങ്ങളിലാണ് പീരങ്കി സ്ഥാപിച്ചിട്ടുള്ളത്. ഇത് തത്സമയം ബഹ്റൈൻ ടെലിവിഷൻ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ചൊവ്വാഴ്ച വൈകീട്ട് റമദാൻ മാസം കണ്ട സമയത്തും പീരങ്കി മുഴക്കിയിരുന്നു.
സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് പീരങ്കികൾ സജ്ജീകരിച്ചിരുന്നത്. പത്താം നൂറ്റാണ്ടിൽ ഈജിപ്തിൽ ഫാത്തിമിദ് ഖലീഫമാരുടെ കാലത്ത് തുടങ്ങിയതെന്ന് കരുതപ്പെടുന്ന ഈ പാരമ്പര്യം ഇന്നും ബഹ്റൈനിൽ വലിയ ആവേശത്തോടെയാണ് കൊണ്ടാടുന്നത്. പൊതുജനങ്ങൾക്ക് കാണാനുള്ള അവസരമുണ്ടായതിനാൽതന്നെ നൂറുകണക്കിന് കുടുംബങ്ങളാണ് ഈ കാഴ്ച നേരിട്ട് കാണാൻ ഓരോ ദിവസവും ഈ കേന്ദ്രങ്ങളിലെത്തുന്നത്.
പൊതുസ്ഥലത്ത് ഭക്ഷണം കഴിച്ചാൽ പിഴ
റമദാൻ മാസത്തിൽ പകൽസമയത്ത് പൊതുസ്ഥലത്തുവെച്ച് ഭക്ഷണം കഴിക്കുന്നതോ വെള്ളം കുടിക്കുന്നതോ പുകവലിക്കുന്നതോ കർശനമായി നിരോധിച്ചിട്ടുണ്ട്. നിയമലംഘനം നടത്തുന്നവർക്ക് ഒരുവർഷം വരെ തടവും 100 ദീനാർ പിഴയും ലഭിക്കാം. ഈ വർഷം ബഹ്റൈനിൽ ശരാശരി 13 മണിക്കൂറാണ് വ്രതാനുഷ്ഠാനം.
വടക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ ഇത് 19 മണിക്കൂർ വരെയാകുമ്പോൾ ചില തെക്കൻ രാജ്യങ്ങളിൽ 12 മണിക്കൂറാണ്. വിശ്വാസികൾക്കായി വിപുലമായ മത-സാമൂഹിക പരിപാടികളാണ് ആഭ്യന്തര മന്ത്രാലയവും ഇസ്ലാമിക കാര്യ മന്ത്രാലയവും ഒരുക്കിയിരിക്കുന്നത്. അഹമ്മദ് അൽ ഫത്തേഹ് ഇസ്ലാമിക് സെന്ററിൽ തറാവീഹ്, ഖിയാമുൽ ലൈൽ പ്രാർഥനകൾക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രമുഖരായ മത പണ്ഡിതർ പ്രാർഥനകൾക്ക് നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

