കെട്ടിടത്തിൽ കഞ്ചാവ് വളർത്തിയ കേസ്; മൂന്നുപേർക്ക് ജീവപര്യന്തം
text_fieldsകെട്ടിടത്തിൽ വളർത്തിയനിലയിൽ കഞ്ചാവ് ചെടികൾ
മനാമ: കെട്ടിടത്തിൽ കഞ്ചാവ് വളർത്തിയതിന് പിടിയിലായ മൂന്നുപേർക്ക് ജീവപര്യന്തം വിധിച്ച് കോടതി. 51 വയസ്സുള്ള ഒരു അറബ്-അമേരിക്കൻ വംശജൻ, 53 വയസ്സുള്ള അയാളുടെ ബഹ്റൈനി സഹോദരൻ, 48 വയസ്സുള്ള മറ്റൊരു സ്വദേശി എന്നിവരെയാണ് കഴിഞ്ഞ ദിവസം ഹൈക്രിമിനൽ കോടതി 25 വർഷത്തെ തടവിനും 5000 ദീനാർ വീതം പിഴയൊടുക്കാനും വിധിച്ചത്.കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏകദേശം 10 ലക്ഷം ദീനാർ മൂല്യമുള്ള ലഹരിവസ്തുക്കളാണ് പരിശോധനയിൽ കെട്ടിടത്തിൽനിന്ന് പൊലീസ് കണ്ടെത്തിയത്. മയക്കുമരുന്ന് ഇടപാട്, കഞ്ചാവ് ചെടി വളർത്തൽ എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. അഞ്ചുപേരെ അന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശിക്ഷ പൂർത്തിയാക്കിയ ശേഷം യു.എസ് പൗരനെ നാടുകടത്തും.നാലാം പ്രതിയായ ബഹ്റൈനി സ്വദേശിയായ 29 വയസ്സുകാരന് 10 വർഷത്തെ തടവും 5000 ദീനാർ പിഴയുമാണ് ശിക്ഷ. കഞ്ചാവ് വിൽപനയും, ഉപയോഗിക്കാൻ കൈവശം വെച്ചതുമാണ് ഇദ്ദേഹത്തിനുമേൽ ചുമത്തിയ കുറ്റം. സിന്തറ്റിക് കന്നാബിനോയിഡുകളും മെത്താംഫെറ്റമിനും ഉപയോഗിച്ചതിന് 27 വയസ്സുള്ള അഞ്ചാം പ്രതിക്ക് ഒരു വർഷം തടവും 1000 ദീനാർ പിഴയും വിധിച്ചു.പൊതുജനങ്ങൾക്ക് നിങ്ങൾ താമസിക്കുന്ന പരിസരത്തോ മറ്റോ സംശയാസ്പദമായ രീതിയിൽ ലഹരി വളർത്തുന്നതോ ഉൽപാദിപ്പിക്കുന്നതോ ഉപയോഗിക്കുന്നതോ കണ്ടാൽ 996@interior.gov.bh എന്ന മെയിലിലോ, 966, 999 എന്നീ ഹോട്ട് ലൈൻ നമ്പറുകളിലോ വിളിച്ച് വിവരമറിയിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

