മൃതദേഹം ദഹിപ്പിച്ച് സംസ്കാരം നടത്തുന്നതിനെതിരെ നിയമനടപടി സ്വീകരിക്കാൻ ആഹ്വാനം
text_fieldsമനാമ: പൊതു സ്ഥലങ്ങളിൽ മൃതദേഹം ദഹിപ്പിച്ച് സംസ്കാരം നടത്തുന്നതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആഹ്വാനവുമായി സതേൺ മുനിസിപ്പാലിറ്റി കൗൺസിലർമാർ രംഗത്ത്. 2018ൽ നിയമവിരുദ്ധമാക്കിയ ഇത്തരം നടപടിക്രമങ്ങൾ വീണ്ടും തുടരുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നും ഇത് പരിസ്ഥിതി, പൊതുജനാരോഗ്യ പ്രശ്നങ്ങൾ വരുത്തിത്തീർക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അംഗങ്ങൾ നടപടി ആവശ്യപ്പെട്ടത്.
അസ്കറിലെ പൊതു സ്ഥലത്താണ് നിലവിൽ മൃതദേഹം ദഹിപ്പിക്കുന്നത്. ഇത് സമീപ പ്രദേശങ്ങളിലെ താമസക്കാരിൽ ഗുരുതര പ്രശ്നങ്ങളുണ്ടാക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ഇത് 2022ലെ പരിസ്ഥിതി നിയമം, 2018 ലെ പൊതുജനാരോഗ്യ നിയമം, 2019ലെ പൊതു ശുചിത്വ നിയമം എന്നിവയുടെ ലംഘനമാണെങ്കിലും, പരമ്പരാഗത ഹിന്ദു ശവസംസ്കാരങ്ങൾ ഇപ്പോഴും അസ്കറിൽ തുടരുന്നുവെന്നും നിരോധനത്തിനായുള്ള പുതുക്കിയ നീക്കത്തിന് നേതൃത്വം നൽകുന്ന കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫ് പറഞ്ഞു.
കാലങ്ങൾക്കനുസരിച്ച് പരിസ്ഥിതി നിയമങ്ങളെ മാനിച്ച് ശവസംസ്കാരങ്ങൾ നവീകരിക്കണമെന്ന വാദത്തെ പാരമ്പര്യത്തെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന പ്രായോഗിക പരിഹാരങ്ങളാണിതെന്ന് മത പ്രതിനിധികളും പറഞ്ഞു.
തുറസായ സ്ഥലങ്ങളിൽ ശരീരം ദഹിപ്പിക്കുന്ന സാഹചര്യമുണ്ടായപ്പോൾ രാജാവ് ശൈഖ് ഈസ ബിൻ സൽമാൻ ആൽ ഖലീഫയാണ് 1996ൽ ഈ ഭൂമി ഹിന്ദു സമൂഹത്തിന് സമ്മാനിച്ചത്. അന്ന് പ്രത്യേകം സംരക്ഷണത്തോടെ പരിപാലിക്കാനായിരുന്നു നിർദേശം. എന്നാൽ നിലവിൽ പൊതുജനങ്ങൾക്ക് അത് ആശങ്കയുണ്ടാക്കുന്നുവെന്നാണ് കണ്ടെത്തിയത്.
നമ്മൾ ആധുനിക പാരിസ്ഥിക മാനദണ്ഡങ്ങൾ പാലിക്കണമെന്നും വൈദ്യുത ശ്മശാനങ്ങൾ പോലുള്ളതിനെ പ്രോത്സാഹിപ്പിക്കണമെന്നും കൗൺസിൽ ചെയർമാൻ അഭിപ്രായപ്പെട്ടു. പ്രദേശം ജനവാസ മേഖലകൾക്ക് സമീപമാണ്. പുകയിൽ ആരോഗ്യത്തെ ബാധിച്ചേക്കാവുന്ന ദോഷകരമായ വസ്തുക്കൾ ഉണ്ടാകുമെന്ന് ആളുകൾ ഭയപ്പെടുന്നു. ഈ ആശങ്കകൾ ഞങ്ങൾക്ക് അവഗണിക്കാൻ കഴിയില്ലെന്നും അബ്ദുല്ലത്തീഫ് പറഞ്ഞു. പ്രദേശത്ത് ശരാശരി 25 മൃതദേഹങ്ങൾ പ്രതിവർഷം ദഹിപ്പിക്കുന്നുണ്ട്. പരമ്പരാഗത സംസ്കാരത്തിന് 150 ദീനാറും വൈദ്യുതി വഴിയുള്ള സംസ്കാരത്തിന് 800 ദീനാർ വരെ ചിലവ് വരുമെന്നാണ്.
വൈദ്യുത ശവസംസ്കാരം തിരഞ്ഞെടുക്കുന്നതിലെ ഭീമമായ ചിലവും കൂടാതെ മൃതദേഹം നാട്ടിൽ കൊണ്ടു പോകാനുള്ള ചിലവും താങ്ങാൻ കഴിയാത്തവരാത്തവരാണ് ഈ മാർഗം സ്വീകരിക്കുന്നതെന്ന് ആശങ്കകൾക്ക് മറുപടിയായി ശ്രീകൃഷ്ണ ഹിന്ദു ക്ഷേത്രം ഓണററി ചെയർമാൻ മഹേഷ് ഭാട്ടിയ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.
അധികാരികളുമായി പരിഹാരത്തിനുള്ള മാർഗങ്ങൾക്കായി സഹകരിക്കാൻ തയാറാണെന്നും നിയമത്തെ ഞങ്ങൾ ബഹുമാനിക്കുന്നുവെന്നും ഭാട്ടിയ പറഞ്ഞു. ഇത് മതപരമായ വിവേചനമല്ലയെന്നും പൊതുജനാരോഗ്യവും പാരിസ്ഥിതിക പരിഗണനകളും കണക്കിലെടുത്താണ് തീരുമാനമെന്നും കൗൺസിൽ ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

