ജി.സി.സി ഉച്ചകോടി ഒരുക്കങ്ങൾ വിലയിരുത്തി കാബിനറ്റ് യോഗം
text_fieldsവാരാന്ത്യ കാബിനറ്റ് യോഗത്തിൽ നിന്ന്
മനാമ: ഡിസംബർ മൂന്നിന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ബഹ്റൈനിൽ നടക്കുന്ന 46-ാമത് ജി.സി.സി ഉച്ചകോടിയുടെ ഒരുക്കങ്ങൾ വിലയിരുത്തി കാബിനറ്റ് യോഗം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര കാബിനറ്റ് യോഗത്തിലാണ് ഉച്ചകോടിയുടെ ഒരുക്കങ്ങൾ വിലയിരുത്തിയത്.
ഇതിനോടകം ജി.സി.സി രാജ്യങ്ങളുടെ ഭരണാധികാരികൾക്കും മറ്റ് നേതാക്കൾക്കും ഹമദ് രാജാവ് ഉച്ചകോടിയിലേക്കുള്ള ക്ഷണപത്രം അതത് രാജ്യത്തെ അംബാസഡർമാർ മുഖേനെ കൈമാറിയിട്ടുണ്ട്. ജി.സി.സി രാജ്യങ്ങളുടെ ഐക്യം, സംയോജനം, സഹകരണം എന്നിവ ശ്രദ്ധാ കേന്ദ്രമാകമാകുന്ന ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിൽ രാജ്യം അഭിമാനം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സമ്മേളനം ജി.സി.സിയുടെ സ്വത്വം ഉൾക്കൊള്ളുന്നതായും കൂടുതൽ പുരോഗതിക്കും വളർച്ചക്കും സമൃദ്ധിക്കും വേണ്ടിയുള്ള അംഗരാജ്യങ്ങളുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്നും വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആൽ സയാനി വ്യക്തമാക്കി.
ഉച്ചകോടിയുടെ ഭാഗമായി ബഹ്റൈൻ നാഷനൽ മ്യൂസിയത്തിൽ ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി ജി.സി.സി ഉച്ചകോടി പവലിയൻ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ 44 വർഷത്തെ കൗൺസിലിന്റെ യാത്ര ഈ പവലിയനിൽ പ്രദർശിപ്പിക്കുന്നുണ്ട്. കൗൺസിലിന്റെ സ്ഥാപനത്തിന് മുന്നോടിയായ ഘട്ടങ്ങൾ, സ്ഥാപനത്തിന് ശേഷം വിവിധ മേഖലകളിലെ വികസനം, നേട്ടങ്ങൾ, ഗൾഫ് സഹകരണം, സംയോജനം എന്നിവയെല്ലാം പവലിയൻ വരച്ചുകാട്ടുന്നു.
കൂടാതെ രാജ്യത്തെ സുപ്രധാന വിഷയങ്ങളും നയതന്ത്ര ബന്ധങ്ങളും കാബിനറ്റ് യോഗത്തിൽ ചർച്ചയായി. ഹമദ് രാജാവും യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പങ്കെടുത്ത സംയുക്ത സൈനികാഭ്യാസത്തിന്റെ പ്രാധാന്യം കാബിനറ്റ് ഊന്നിപ്പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സഹകരണത്തിന്റെ ആഴമാണ് ഈ അഭ്യാസം പ്രതിഫലിക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു.
റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ നടക്കുന്ന സമാധാന ശ്രമങ്ങളെ കാബിനറ്റ് സ്വാഗതം ചെയ്തു. നയതന്ത്ര, സുരക്ഷാ, മാനുഷിക തത്വങ്ങൾ, സാമ്പത്തിക സഹകരണം, ആണവ വ്യാപനം തടയൽ എന്നിവക്ക് പിന്തുണ നൽകുന്നതാണ് ഈ ശ്രമങ്ങളെന്നും കാബിനറ്റ് വിലയിരുത്തി.
വിവിധ മന്ത്രിതല സമിതികളും മന്ത്രിമാരും സമർപ്പിച്ച മെമ്മോറാണ്ടങ്ങൾ കാബിനറ്റ് അവലോകനം ചെയ്യുകയും അംഗീകാരം നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

