മന്ത്രിസഭായോഗം: ചെമ്മീൻ ട്രോളിങ് നിരോധനം ജൂലൈയിൽ അവസാനിക്കും
text_fieldsമനാമ: ചെമ്മീന്‍ ട്രോളിങ് നിരോധന കാലയളവ് പരിഷ്‌കരിക്കാന്‍ കാബിനറ്റ് തീരുമാനിച്ചു. ഇതുപ്രകാരം ഈ വര്‍ഷത്തെ ചെമ്മീന്‍ ട്രോളിങ് നിരോധനം ജൂലൈയിൽ അവസാനിക്കും. ആഗസ്റ്റ് ഒന്നിന് വീണ്ടും മത്സ്യബന്ധനം തുടങ്ങാം. ചെമ്മീന്‍ ട്രോളിങ് ആറ് മാസമായി ദീര്‍ഘിപ്പിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും മത്സ്യബന്ധന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ നിരന്തരമായ ആവശ്യം മാനിച്ചാണ് ദൈർഘ്യം ചുരുക്കിയത്. അടുത്ത ട്രോളിങ് നിരോധന കാലം ഇതര ജി.സി.സി രാഷ്ട്രങ്ങളുടെ സമയവുമായി ഏകീകരിക്കാനും ധാരണയായി.
രാജ്യത്തിെൻറ പൊതു ബജറ്റ് തയാറാക്കുന്നതിലും പാസാക്കുന്നതിലും പാര്‍ലമെൻറും ശൂറ കൗണ്‍സിലും നല്‍കിയ പിന്തുണക്ക് മന്ത്രിസഭ നന്ദി രേഖപ്പെടുത്തി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന യോഗത്തില്‍ സൗദിയിലെ ഖത്തീഫിലും ഈജിപ്തിലെ സീനായ് പ്രവിശ്യയിലുമുണ്ടായ തീവ്രവാദി ആക്രമണങ്ങളെ അപലപിച്ചു. സുരക്ഷ വിഭാഗത്തിെൻറ ദൗത്യനിർവഹണത്തിനിടെയാണ് ഖത്തീഫില്‍ തീവ്രവാദി ആക്രമണമുണ്ടായത്. രാജ്യത്തുടനീളം സമാധാനം സ്ഥാപിക്കുന്നതിന് സൗദി നടത്തുന്ന നടപടികള്‍ക്ക് മന്ത്രിസഭ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഈജിപ്തിലെ വടക്കന്‍ സീനായ് പ്രവിശ്യയില്‍ സൈനിക വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണം അപലപനീയമാണെന്നും എല്ലാവിധ തീവ്രവാദത്തെയും തോല്‍പിക്കാന്‍ ഈജിപ്ത് ഭരണകൂടത്തിന് സാധിക്കട്ടെയെന്നും ആശംസിച്ചു.
ദുറാസ്, ആലി, മുഹറഖ്, ഹമദ് ടൗണ്‍ എന്നീപ്രദേശങ്ങളിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും തീരുമാനിച്ചു. പാര്‍പ്പിടം, മുനിസിപ്പല്‍ സേവനങ്ങള്‍, റോഡ്, മലിനജല നിര്‍മാര്‍ജനം തുടങ്ങി വിവിധ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ പരിഗണിക്കാനാണ് തീരുമാനം. ഇതിൽ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് പ്രധാനമന്ത്രിയെ അറിയിക്കുന്നതിന് പൊതുമരാമത്ത്- മുനിസിപ്പല്‍ -നഗരാസൂത്രണ കാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തി.
മുഹറഖ് പോലുള്ള പഴയ ജനവാസ പ്രദേശങ്ങളില്‍ കൂടുതല്‍ വാഹന പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനും കാബിനറ്റ് തീരുമാനിച്ചു. ഇതിനാവശ്യമായ ഭൂമി അക്വയര്‍ ചെയ്യും. ഗലാലിയില്‍ അഞ്ച് സ്ഥലങ്ങള്‍ അക്വയര്‍ ചെയ്ത് പാര്‍ക്കിങ് സൗകര്യമൊരുക്കും. രാജ്യത്തെ തീര പ്രദേശങ്ങളും മത്സ്യബന്ധന തുറമുഖങ്ങളും വൃത്തിയായി സൂക്ഷിക്കാനും നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാനും തീരുമാനിച്ചു. ബന്‍ദര്‍ ദാര്‍ തീരമടക്കമുള്ള പ്രദേശങ്ങളിലെ നിയമലംഘന നിർമിതികൾ നീക്കം ചെയ്യും. ക്ലീനിങ് കമ്പനിയെ തീര പ്രദേശങ്ങള്‍ വൃത്തിയാക്കുന്നതിന് ചുമതലപ്പെടുത്താന്‍ പൊതുമരാമത്ത്- മുനിസിപ്പല്‍- നഗരാസൂത്രണ കാര്യ മന്ത്രാലയത്തിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.
തൊഴിലാളികള്‍ ഒന്നിച്ച് താമസിക്കുന്ന ലേബര്‍ അക്കമഡേഷനുകളിൽ ആവശ്യമായ സുരക്ഷ,-ആരോഗ്യ സംവിധാനങ്ങളുണ്ടെന്ന് ഉറപ്പാക്കും. ഇത്തരം സ്ഥലങ്ങളിൽ നിയമപരമായ എല്ലാ കാര്യങ്ങളും പൂര്‍ത്തീകരിക്കാനും കാബിനറ്റ് കമ്പനികളോട് ആവശ്യപ്പെട്ടു. 15 മുതല്‍ 29 വരെ പ്രായമുള്ളവരെ യുവജന കായികകാര്യ മന്ത്രാലയം നടപ്പാക്കുന്ന വിവിധ സേവനങ്ങളിൽ ഉള്‍പ്പെടുത്തും. മയക്കുമരുന്ന് കടത്ത്, വിപണനം എന്നിവക്കുള്ള ശിക്ഷ കടുത്തതാക്കാന്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ രൂപപ്പെടുത്താന്‍ മന്ത്രിതല നിയമകാര്യ സമിതിയെ ചുമതലപ്പെടുത്തി. പാര്‍ലമെൻറ് മുന്നോട്ടു വെച്ച ഏതാനും നിര്‍ദേശങ്ങളും കാബിനറ്റ് ചര്‍ച്ച ചെയ്തു. മന്ത്രിസഭ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
