നാഷനൽ ഗാർഡിന്റെ സേവനം അഭിമാനകരമെന്ന് മന്ത്രിസഭ; ദേശീയ ദിനാഘോഷങ്ങൾ വിജയകരമായി സംഘടിപ്പിച്ചതിനെ അഭിനന്ദിച്ചു
text_fieldsമന്ത്രിസഭ യോഗത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അധ്യക്ഷത വഹിക്കുന്നു
മനാമ: നാഷനൽ ഗാർഡിെന്റ സേവനം അഭിമാനകരമാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അഭിപ്രായപ്പെട്ടു. നാഷനൽ ഗാർഡ് രൂപവത്കരണത്തിന്റെ 26 വർഷം പൂർത്തിയായ പശ്ചാത്തലത്തിലാണ് സേനയുടെ പ്രവർത്തന മികവിനെ അദ്ദേഹം മന്ത്രിസഭ യോഗത്തിൽ പ്രശംസിച്ചത്. ഇതുവരെയുള്ള നാഷനൽ ഗാർഡിന്റെ പ്രവർത്തനം മതിപ്പുളവാക്കുന്നതാണെന്നും യോഗം വിലയിരുത്തി.
ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം ആഘോഷ പരിപാടികൾ വിജയകരമായി സംഘടിപ്പിച്ചത് നേട്ടമാണെന്ന് മന്ത്രിസഭ വിലയിരുത്തി. പൊതുജനങ്ങൾ ഇത്തരം പരിപാടികളിൽ ഒഴുകിയെത്തിയതും രാജ്യത്തോടും ഭരണാധികാരികളോടുമുള്ള കൂറും സ്നേഹവും പ്രകടിപ്പിച്ചതും ഏറെ സന്തോഷകരമാണ്. ആഘോഷ പരിപാടികൾ സംഘടിപ്പിക്കുകയും സജീവമായി പങ്കാളികളാവുകയും ചെയ്ത ഏവർക്കും യോഗം പ്രത്യേകം നന്ദിയും കടപ്പാടും അറിയിക്കുകയും ചെയ്തു. വിവിധ മന്ത്രാലയങ്ങൾ നൽകിയ സഹകരണത്തിനും കടപ്പാട് അറിയിച്ചു. ഈജിപ്തിലുണ്ടായ തീവ്രവാദ സ്ഫോടനത്തെ ഗുദൈബിയ പാലസിൽ ചേർന്ന കാബിനറ്റ് യോഗത്തിൽ ശക്തമായി അപലപിക്കുകയും ചെയ്തു.

