അന്താരാഷ്ട്ര മയക്കുമരുന്ന് വേട്ടയിൽ പങ്കാളിയായി ബഹ്റൈനും
text_fieldsഅന്താരാഷ്ട്ര സുരക്ഷാ സഖ്യത്തിന്റെ നേതൃത്വത്തിൽ നടന്ന മയക്കുമരുന്ന് വേട്ടയിൽ നിന്ന്
മനാമ: അന്താരാഷ്ട്ര സുരക്ഷാ സഖ്യത്തിന്റെ നേതൃത്വത്തിൽ നടന്ന സംയുക്ത അന്താരാഷ്ട്ര മയക്കുമരുന്ന് വേട്ടയിൽ ബഹ്റൈനും പങ്കാളിയായി.യൂറോപ്യൻ ലോ എൻഫോഴ്സ്മെന്റ് ഏജൻസിയും (യൂറോപോൾ) ഇന്റർനാഷനൽ പൊലീസ് ഓർഗനൈസേഷൻ ഓഫ് ദി അമേരിക്കസും (അമേരിപോൾ) ഉൾപ്പെടെ 25 രാജ്യങ്ങൾ ഈ സംയുക്ത നീക്കത്തിൽ സഹകരിച്ചു. ജൂൺ 10 മുതൽ ആഗസ്റ്റ് ഏഴ് വരെ നീണ്ട ഓപറേഷൻ 2.9 ബില്യൺ ഡോളറിലധികം വിലവരുന്ന 822 ടണ്ണിലധികം മയക്കുമരുന്നുകൾ പിടിച്ചെടുക്കുന്നതിനും 12,564 പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും കാരണമായി.ഈ ഏകോപിത നടപടി മയക്കുമരുന്ന് കടത്ത് സംഘങ്ങളെയും അവരുടെ വരുമാന സ്രോതസ്സുകളെയും തകർക്കുകയും സുരക്ഷ വർധിപ്പിക്കുന്നതിലും സമൂഹങ്ങളെ സംരക്ഷിക്കുന്നതിലും അന്താരാഷ്ട്ര സഹകരണം എത്രത്തോളം ഫലപ്രദമാണെന്ന് തെളിയിക്കുകയും ചെയ്തു.മാസങ്ങൾ നീണ്ട തയാറെടുപ്പുകൾക്കും രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുന്നതിനും അന്വേഷണങ്ങൾക്കും ശേഷമായിരുന്നു ഓപറേഷൻ. കടത്ത് വഴികൾ, കടത്തുകാരുടെ രീതികൾ, പുതുതായി ഉയർന്നുവരുന്ന ക്രിമിനൽ ശൃംഖലകൾ എന്നിവയിൽ ഈ ഓപറേഷൻ ശ്രദ്ധ കേന്ദ്രീകരിച്ചു.
മയക്കുമരുന്ന് കടത്തിനെതിരെ പോരാടുന്നതിൽ വൈദഗ്ധ്യം പങ്കിടാനും ശ്രമങ്ങൾ ഏകീകരിക്കാനും പങ്കാളിത്തം ശക്തിപ്പെടുത്താനുമുള്ള ഒരു വേദിയായും ഇത് വർത്തിച്ചു. അന്താരാഷ്ട്ര നിയമപാലക ഏജൻസികൾ തമ്മിലുള്ള സഹകരണത്തിന്റെയും ഏകോപനത്തിന്റെയും പ്രാധാന്യം ഈ ഓപറേഷൻ എടുത്തുകാണിച്ചതായി ഇന്റർനാഷനൽ സെക്യൂരിറ്റി അലയൻസ് ജനറൽ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. സുരക്ഷയെയും സ്ഥിരതയെയും പിന്തുണക്കുന്ന ആഗോള പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത സഖ്യം ഊന്നിപ്പറഞ്ഞു.
യു.എ.ഇ, ഫ്രാൻസ്, ബഹ്റൈൻ, സ്പെയിൻ, നെതർലൻഡ്സ്, സ്ലോവാക്യ, ഇറ്റലി, മൊറോക്കോ, അർജന്റീന, ബൊളീവിയ, ബ്രസീൽ, ചിലി, കൊളംബിയ, ഇക്വഡോർ, പരഗ്വേ, എൽസാൽവഡോർ, ഗ്വാട്ടമാല, പനാമ, വെനിസ്വേല, പെറു, ക്രൊയേഷ്യ, ബെൽജിയം, മാലദ്വീപ്, ജോഡൻ, നേപ്പാൾ എന്നീ രാജ്യങ്ങളാണ് ഓപറേഷനിൽ പങ്കെടുത്തത്. ബഹ്റൈൻ ആഭ്യന്തരമന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഓപറേഷന്റെ വിജയത്തെ പ്രശംസിച്ചു. സഖ്യത്തിന്റെ സുരക്ഷാ, ഏകോപനശേഷി ഇത് പ്രതിഫലിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് നിയന്ത്രണത്തിൽ മികച്ച ഫലങ്ങൾ കൈവരിക്കുന്നതിന് അംഗരാജ്യങ്ങളുടെയും പങ്കാളികളുടെയും വൈദഗ്ധ്യ കൈമാറ്റത്തെയും ഏകീകൃത ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
2017ൽ സ്ഥാപിതമായ ഇൻറർനാഷനൽ സെക്യൂരിറ്റി അലയൻസിൽ നിലവിൽ 11 അംഗരാജ്യങ്ങളുണ്ട്.സംയുക്ത ഓപറേഷനുകൾ, പരിശീലനം, ശേഷി വർധിപ്പിക്കൽ, വിവര കൈമാറ്റം, മയക്കുമരുന്ന്, കള്ളപ്പണം വെളുപ്പിക്കൽ, സൈബർ ക്രൈം, മനുഷ്യക്കടത്ത്, കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവയുൾപ്പെടെയുള്ള സംഘടിത കുറ്റകൃത്യങ്ങളെ ചെറുക്കൽ തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ആഗോള സുരക്ഷാപ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിന് അംഗരാജ്യങ്ങൾക്കിടയിൽ സഹകരണവും അറിവ് പങ്കിടലും പങ്കാളിത്തവും ഇത് വർധിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

