തിരക്കോട് തിരക്ക്
text_fieldsറോഡുകളിലെ തിരക്ക്. മനാമയിൽനിന്നൊരു ദൃശ്യം ഫോേട്ടാ: സത്യൻ പേരാമ്പ്ര
മനാമ: കോവിഡ് മഹാമാരിയിൽ പകച്ചുനിന്ന നാളുകളെ ഒാർമയിലേക്ക് മാറ്റി ബഹ്റൈൻ അതിവേഗം മുന്നോട്ട്. നേരത്തെ ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങൾ ഒാരോന്നായി പിൻവലിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുനടക്കുകയാണ് രാജ്യം. റോഡുകളിലും പാർക്കുകളിലും ബീച്ചുകളിലും ഷോപ്പിങ് മാളുകളിലുമെല്ലാം തിരക്കോട് തിരക്കാണ് ഇപ്പോൾ.
ബഹ്റൈനിൽ എത്തുന്നവർക്ക് ഹോട്ടൽ ക്വാറൻറീൻ ഒഴിവാക്കാനുള്ള തീരുമാനമാണ് ഏറ്റവും പുതിയ ആശ്വാസകരമായ വാർത്ത. വാക്സിൻ എടുക്കാത്ത യാത്രക്കാർക്ക് സ്വന്തം പേരിൽ താമസ സൗകര്യമില്ലെങ്കിൽ 10 ദിവസം ഹോട്ടൽ ക്വാറൻറീനിൽ കഴിയണമെന്ന നിബന്ധനയാണ് കഴിഞ്ഞ ദിവസം പിൻവലിച്ചത്. ഇവർ താമസ സ്ഥലങ്ങളിൽ ക്വാറൻറീൻ പൂർത്തിയാക്കിയാൽ മതിയാകും.
കോവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളെ റെഡ്ലിസ്റ്റിൽ ഉൾപ്പെടുത്തി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും അവസാനിപ്പിച്ചു. റെഡ്ലിസ്റ്റ് പട്ടികതന്നെ ഒഴിവാക്കാനാണ് ഏറ്റവും പുതിയ തീരുമാനം. ഇനി മുതൽ എല്ലാ രാജ്യങ്ങൾക്കും ഒരേ പരിഗണനയാണ് ലഭിക്കുക. ആഗോള തലത്തിൽതന്നെ കോവിഡ് കേസുകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ കഴിഞ്ഞ മേയിലാണ് ബഹ്റൈനിൽ ഹോട്ടൽ ക്വാറൻറീൻ നിബന്ധന ഏർപ്പെടുത്തിയത്. സ്വന്തം പേരിൽ താമസ സ്ഥലം ഇല്ലാത്തവർ എൻ.എച്ച്.ആർ.എ അംഗീകാരമുള്ള ഹോട്ടലുകളിലാണ് ക്വാറൻറീനിൽ കഴിയേണ്ടിയിരുന്നത്. കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്ക് വലിയ ആഘാതമായിരുന്നു ഇൗ തീരുമാനം. പിന്നീട് വിവിധ ഘട്ടങ്ങളിലായി ഇതിൽ ഇളവ് വരുത്തി. ബഹ്റൈനിൽനിന്ന് വാക്സിൻ എടുത്തവർക്ക് ആദ്യം ക്വാറൻറീൻ ഒഴിവാക്കി. പിന്നീട് ഇന്ത്യയിൽനിന്ന് വാക്സിൻ എടുത്ത് ബി അവെയർ ആപ്പിൽ ഗ്രീൻ ഷീൽഡ് ആയവർക്കും ക്വാറൻറീൻ ഒഴിവാക്കി. ഇപ്പോൾ വാക്സിൻ എടുക്കാത്തവർക്കും ഹോട്ടൽ ക്വാറൻറീൻ ഒഴിവാക്കിയത് ഇരട്ടി ആശ്വാസം നൽകുന്നതായി.
റസ്റ്റാറൻറുകൾ ഇഷ്ടം പോലെ
കോവിഡ് മഹാമാരിയിൽ തളർന്നുനിന്ന രാജ്യം ഇപ്പോൾ എല്ലാ മേഖലകളിലും കുതിപ്പിെൻറ പാതയിലാണ്. ഷോപ്പിങ് മാളുകളിലെയും പാർക്കുകളിലെയും റസ്റ്റോറൻറുകളിലെയും തിരക്ക് ഇതിന് തെളിവാണ്. പുതിയ നിരവധി റസ്റ്റാറൻറുകളാണ് അടുത്ത നാളുകളിൽ തുറന്നത്. മലയാളികളുടെ റസ്റ്റാറൻറുകളും ഇതിൽ ഉൾപ്പെടുന്നു. എല്ലായിടങ്ങളിലും മോശമല്ലാത്ത ബിസിനസും നടക്കുന്നുണ്ട്.
ഹോട്ടലുകളിലേക്ക് ജോലിക്കാരെ കിട്ടാത്തതാണ് ഇപ്പോഴുള്ള ഒരു പ്രയാസമെന്ന് ഇൗ രംഗത്തുള്ളവർ പറയുന്നു. വിസ ലഭിക്കാനുള്ള താമസമാണ് ഇതിന് ഒരു കാരണം. ബഹ്റൈനിൽ ആവശ്യക്കാരായ ജോലിക്കാരെ കിട്ടാനില്ലെങ്കിൽ മാത്രമാണ് പുറത്തുനിന്ന് ആളുകളെ കൊണ്ടുവരാൻ കഴിയുക. നാട്ടിൽ റസ്റ്റാറൻറുകളിൽ ഇപ്പോൾ ഭേദപ്പെട്ട ശമ്പളം ലഭിക്കുന്നതിനാൽ ഇങ്ങോട്ട് വരാൻ മടിക്കുന്നവരുമുണ്ട്. അതേസമയം, വിദഗ്ധ വിഭാഗത്തിലുള്ളവർക്ക് ഇവിടെ മികച്ച ശമ്പളം ലഭിക്കുന്നുമുണ്ട്.
ക്വാറൻറീനുവേണ്ടി നിയോഗിക്കപ്പെട്ടിരുന്ന പല ഹോട്ടലുകളും ഇതിനകംതന്നെ സാധാരണ പ്രവർത്തനത്തിലേക്ക് മാറിക്കഴിഞ്ഞിരുന്നു. 60നടുത്ത് ക്വാറൻറീൻ ഹോട്ടലുകൾ ഉണ്ടായിരുന്നത് അടുത്തിടെ 30ഒാളമായി കുറഞ്ഞു. ക്വാറൻറീൻ പൂർണമായി ഒഴിവാക്കിയതോടെ എല്ലാ ഹോട്ടലുകളും ഇനി സാധാരണ പ്രവർത്തനത്തിലേക്ക് മാറും. സന്ദർശകരുടെ എണ്ണം കൂടി വരുന്നതിനാൽ ഹോട്ടലുകളിലും തിരക്ക് ഏറുകയാണ്. മറ്റു ബിസിനസ് മേഖലകളിലും ഉണർവ് പ്രകടമാണ്.
എല്ലായിടങ്ങളിലും തിരക്ക്
റോഡുകളിൽ കാണപ്പെടുന്ന ഗതാഗതത്തിരക്ക് ജീവിതം സാധാരണ നിലയിലേക്ക് മാറുന്നതിെൻറ സൂചനയാണ്. വൈകുന്നേരങ്ങളിൽ ഏറെനേരം ട്രാഫിക് സിഗ്നലുകളിൽ കാത്തുകിടക്കേണ്ടി വരുന്നത് പഴയ നാളുകളെ ഒാർമിപ്പിക്കുന്നു. കോവിഡ് കാലത്ത് വിജനമായ റോഡുകളിൽ വാഹനങ്ങൾ നിറഞ്ഞൊഴുകുകയാണ് ഇപ്പോൾ. പാർക്കുകളും ബീച്ചുകളും തുറന്നതോടെ വൈകുന്നേരങ്ങളും അവധി ദിവസങ്ങളും ആസ്വദിക്കാനുള്ള തടസ്സങ്ങളും മാറി. എല്ലാ പാർക്കുകളിലും ഇപ്പോൾ ആളുകൾ ധാരാളമായി എത്തുന്നുണ്ട്. എല്ലാ അർഥത്തിലും ജീവിതം സാധാരണ നിലയിലേക്ക് മാറുന്നതിെൻറ സന്തോഷത്തിലാണ് സ്വദേശികളും പ്രവാസികളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

