വാണിജ്യ ഇടപാടുകൾക്ക് ബിസിനസ് അക്കൗണ്ടും ഡിജിറ്റൽ പേയ്മെന്റും നിർബന്ധം
text_fieldsമനാമ: ബഹ്റൈനിലെ എല്ലാ വാണിജ്യ ഇടപാടുകൾക്കും ബിസിനസ് അക്കൗണ്ടും ഡിജിറ്റൽ പേമെന്റ് സംവിധാനവും നിർബന്ധമാക്കുന്നു. എല്ലാ ബിസിനസ് സ്ഥാപനങ്ങളിലും കാർഡ് വഴിയോ ഫോൺ വഴിയോ പണം സ്വീകരിക്കാനുള്ള സൗകര്യം നിർബന്ധമാക്കണമെന്ന് വ്യവസായ വാണിജ്യ മന്ത്രാലയം നിർദേശിച്ചു.
എല്ലാ ട്രേഡ് ലൈസൻസുകൾക്കും ഇ-പേമെന്റ് നിർബന്ധിത വ്യവസ്ഥയാക്കുന്നതാണ് മന്ത്രാലയം കൊണ്ടുവന്ന പുതിയ നിയമം.
എല്ലാ സ്ഥാപനവും സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് തുറക്കുകയും, അതിന്റെ വിവരങ്ങൾ മന്ത്രാലയത്തിന്റെ ‘സിജിലാത്ത്’ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും വേണം. എല്ലാ വരുമാനവും ആ അക്കൗണ്ട് വഴി മാത്രം സ്വീകരിക്കണം. വ്യക്തിഗത അക്കൗണ്ടുകൾ ഇതിനായി ഉപയോഗിക്കാൻ പാടില്ല. രജിസ്റ്റർ ചെയ്ത അക്കൗണ്ടിന് പുറത്ത് നടത്തുന്ന എല്ലാ പണം സ്വീകരിക്കലും നിയമലംഘനമായി കണക്കാക്കും. വാണിജ്യ രജിസ്ട്രി നിയമത്തിലെ ആർട്ടിക്കിൾ 20 പ്രകാരം, നിയമലംഘകർക്ക് പിഴയടക്കം കടുത്തശിക്ഷയാണ് ചുമത്തുക.
ആദ്യത്തെ ലംഘനത്തിന് ലൈസൻസ് ആറ് മാസത്തേക്ക് മരവിപ്പിക്കുകയും പ്രതിദിനം 1000 ദീനാർ വരെ പിഴ ചുമത്തുകയും ചെയ്യും. മൂന്നു വർഷത്തിനുള്ളിൽ വീണ്ടും ലംഘനം നടത്തിയാൽ പ്രതിദിന പിഴ 2000 ബഹ്റൈൻ ദീനാർ വരെയായി വർധിക്കും. പരമാവധി പ്രതിദിന പിഴ മൊത്തം 50,000 ബഹ്റൈൻ ദീനാർ വരെയും ഒറ്റത്തവണ ഈടാക്കുന്ന പിഴ 1,00,000 ദീനാർ വരെയും ആവാം.കച്ചവടക്കാർക്കും കമ്പനികൾക്കും എത്ര ശാഖകളുണ്ടെങ്കിലും ഈ നിയമം ബാധകമായിരിക്കും.
പണമിടപാടുകൾ കൂടുതൽ എളുപ്പത്തിൽ കണ്ടെത്താനും, ഓൺലൈൻ തട്ടിപ്പുകളിൽനിന്ന് ആളുകളെ സംരക്ഷിക്കാനും പണരഹിത വ്യാപാരത്തിലേക്ക് വിപണിയെ നയിക്കാനും മാറ്റം സഹായിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. പേമെന്റുകൾ ബിസിനസ് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്നതിലൂടെ മൂല്യവർധിത നികുതിയും മറ്റ് കുടിശ്ശികകളും സംബന്ധിച്ച പരിശോധനകൾ ശക്തിപ്പെടുത്താനും ഇതു സഹായിക്കുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

