തകർന്ന കെട്ടിടത്തിനടിയിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു, മരണസംഖ്യ നാലായി
text_fieldsമനാമ: മനാമയിൽ നെസ്റ്റോ സൂപ്പർ മാർക്കറ്റിന് പിറകിൽ ശൈഖ് ഹമദ് റോഡിനടുത്തായുളള ഗല്ലിയിലെ പഴയ മൂന്നുനില കെട്ടിടം തകർന്നുവീണ സംഭവത്തിൽ ആകെ നാലുപേർ മരിച്ചു. ഇതിൽ ഒരാൾ ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. മറ്റുള്ളവരുടെ മൃതദേഹം ഇന്നലെ കെട്ടിടത്തിെൻറ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെടുക്കുകയുമായിരുന്നു. പരിക്കേറ്റവരിൽ കൂടുതലും ബംഗ്ലാദേശികളാണ്. ഒരു ഇന്ത്യക്കാരനും പരിക്കേറ്റിട്ടുണ്ട്. രണ്ടുപേരെ സൽമാനിയ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയമാക്കി. രണ്ടുപേരെ ബി.ഡി.എഫ് ആശുപത്രിയിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. പഴയ കെട്ടിടത്തിെൻറ താഴത്തെ നിലയിലുള്ള റസ്റ്റോറൻറിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് പരിക്കേറ്റവർ മൊഴി നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. വലിയ ശബ്ദത്തിൽ പൊട്ടിത്തെറിയോടെയായിരുന്നു കെട്ടിടം നിലംപതിച്ചത്. സമീപത്തെ കെട്ടിടങ്ങൾക്കും ഇൗ സമയത്ത് കുലുക്കം ഉണ്ടായി. തുടർന്ന് വിവരം അറിഞ്ഞെത്തിയ സിവിൽ ഡിഫൻസ് ഫോഴ്സ് രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. രാത്രി വൈകിയും തെരച്ചിൽ നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.