ബുദയ്യ റോഡ് വികസന പദ്ധതി; പൊതുമരാമത്ത് വകുപ്പ് കരാർ ഒപ്പിട്ടു
text_fieldsപൊതുമരാമത്ത് മന്ത്രി
ഇബ്രാഹീം ബിൻ ഹസൻ
അൽ ഹവാജ്
മനാമ: മികച്ച റോഡ് ശൃംഖല കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ബുദയ്യ റോഡ് വികസന പദ്ധതിയുടെ കരാറിൽ പൊതുമരാമത്ത് മന്ത്രാലയം ഒപ്പുവെച്ചു. ടെൻഡർ ബോർഡിന്റെ സാങ്കേതിക ബിഡ് നടപടിക്രമങ്ങൾ പൂർത്തിയായതിനെത്തുടർന്നാണ് കരാർ ഒപ്പിട്ടത്.
പ്രധാന നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുന്നോടിയായി സർവിസ് ലൈനുകൾ മാറ്റുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായുള്ള പ്രാരംഭ ജോലികൾ മന്ത്രാലയം ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ഇബ്രാഹീം ബിൻ ഹസൻ അൽ ഹവാജ് പറഞ്ഞു. ബന്ധപ്പെട്ട മറ്റ് അധികാരികളുമായി ഏകോപിപ്പിച്ചായിരിക്കും ഈ പ്രവർത്തനങ്ങൾ നടക്കുക.
നഗരവത്കരണവും ജനസാന്ദ്രതയും കണക്കിലെടുത്ത് മേഖലയിലെ വർധിച്ചുവരുന്ന ഗതാഗത തിരക്ക് പരിഹരിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നതെന്ന് മന്ത്രി വിശദീകരിച്ചു. ട്രാഫിക് കൗൺസിലിന്റെ ശിപാർശകൾക്കനുസൃതമായി മന്ത്രാലയം തയാറാക്കിയ വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കിഴക്ക് ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയുമായുള്ള ജങ്ഷൻ മുതൽ പടിഞ്ഞാറ് ജനാബിയ റോഡുമായുള്ള ജങ്ഷൻ വരെ 6.7 കി.മീറ്റർ ദൂരത്തിലാണ് ഈ വികസന പദ്ധതി നടപ്പാക്കുന്നത്.
റോഡ് ഇരുവശങ്ങളിലേക്കും മൂന്ന് വരികളായി വീതികൂട്ടൽ, പ്രധാന ജങ്ഷനുകളുടെ നവീകരണം, നടപ്പാതകൾ, സർവിസ് റോഡുകൾ, പാർക്കിങ് ഏരിയകൾ എന്നിവയുടെ നിർമാണം, അഴുക്കുചാൽ നിർമാണം, ഭൂഗർഭ സർവിസ് ലൈനുകൾ മാറ്റിസ്ഥാപിക്കൽ എന്നിവയാണ് പ്രധാന വികസന പ്രവർത്തനങ്ങൾ.
കൂടാതെ തെരുവുവിളക്കുകൾ, ഗതാഗത സുരക്ഷ ക്രമീകരണങ്ങൾ, സൗന്ദര്യവത്കരണം എന്നിവയും പല ഘട്ടങ്ങളിലായി നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

