ഗൾഫ് രാജ്യങ്ങളെ അവഹേളിക്കാൻ ബ്രിട്ടീഷ് മാധ്യമങ്ങളുടെ ‘ഗൂഢാലോചന’
text_fieldsമനാമ: ഇറാന്‍റെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളുടെ പ്രതിച്ഛായ തകർക്കാൻ ചില പ്രമുഖ ബ്രിട്ടീഷ് മാധ്യമങ്ങൾ ആസൂത്രിതമായി ശ്രമിക്കുന്നതായി റിപ്പോർട്ട്. മേഖലയിൽ പരിഭ്രാന്തിയും കുഴപ്പവുമാണെന്ന് വരുത്തിത്തീർക്കാൻ പത്രപ്രവർത്തകർക്ക് വൻതുക വാഗ്ദാനം ചെയ്ത് വ്യാജ വാർത്തകൾ സൃഷ്ടിക്കാനാണ് ഇവരുടെ ശ്രമം. ഇതിനായി മേഖലയിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്‍റെ തെളിവുകൾ പുറത്തുവന്നു.
ബ്രിട്ടീഷ് പത്രമായ 'ദി ഐ'യുടെ അസോസിയേറ്റ് എഡിറ്റർ റോബി സ്മിത്ത്, ഗൾഫിലെ ഒരു ഫ്രീലാൻസ് മാധ്യമപ്രവർത്തകന് അയച്ച ഇമെയിൽ സന്ദേശം ഇതിന് തെളിവായി പ്രാദേശിക മാധ്യമം പുറത്ത് വിട്ടിരുന്നു.
ഗൾഫിലെ ജീവിതം സാധാരണ നിലയിലാണെന്ന് എഴുതിയതിനെ എതിർത്ത് ലേഖനം എഴുതാനാണ് പത്രം ആവശ്യപ്പെട്ടത്. 800 വാക്കുകളുള്ള ലേഖനത്തിന് 300 പൗണ്ട് (ഏകദേശം 32,000 രൂപ) നൽകാം എന്നായിരുന്നു വാഗ്ദാനം. ആവശ്യമെങ്കിൽ പേര് വെളിപ്പെടുത്താതെ എഴുതാമെന്നും മെയിലിൽ പറയുന്നു.
യഥാർത്ഥത്തിൽ ഗൾഫ് രാജ്യങ്ങൾ ആക്രമണങ്ങളെ കരുത്തോടെയാണ് നേരിടുന്നത്. നഗരങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും റസ്റ്റാറന്‍റുകൾ തുറന്നിട്ടുണ്ടെന്നും മിക്ക താമസക്കാരും ശാന്തരാണെന്നും ഇന്‍റർനാഷനൽ മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവർ റിപ്പോർട്ട് ചെയ്തിരുന്നു. എന്നിട്ടും ബ്രിട്ടീഷ് മാധ്യമങ്ങൾ ഇവിടെ പ്രതിസന്ധിയാണെന്ന് വരുത്തിത്തീർക്കുകയാണ്. ബ്രിട്ടീഷ് മാധ്യമങ്ങളുടെ ഈ നടപടിയെ ഗൾഫ് ആസ്ഥാനമായുള്ള മാധ്യമപ്രവർത്തകർ ശക്തമായി വിമർശിച്ചിട്ടുണ്ട്.
ഡെയ്‌ലി മെയിൽ ഗ്രൂപ്പിന് കീഴിലുള്ളതാണ് 'ദി ഐ' പത്രം. ഈ ഗ്രൂപ്പിന്‍റ ഉടമ മുൻപ് യു.എ.ഇയിൽ പത്രസ്ഥാപനം തുടങ്ങാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഗൾഫ് രാജ്യങ്ങളോടുള്ള ഈ വിരോധത്തിന് പിന്നിൽ ഇത്തരം ബിസിനസ് താൽപ്പര്യങ്ങളാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഈ ആരോപണങ്ങളോട് പ്രതികരിക്കാൻ ബന്ധപ്പെട്ട എഡിറ്റർമാരോ സ്ഥാപനമോ തയ്യാറായിട്ടില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

