ഒളിമ്പിക് യോഗ്യത: ബ്രസീലിനെ വിറപ്പിച്ച് ബഹ്റൈൻ
text_fieldsമനാമ: ഹാൻഡ്ബാളിൽ ബ്രസീലിനെ വിറപ്പിച്ച് ബഹ്റൈൻ. കഴിഞ്ഞ ദിവസം സ്പെയിനിലെ ഗ്രാനോല്ലേഴ്സിൽ നടന്ന ഒളിമ്പിക് യോഗ്യത ടൂർണമെന്റിലാണ് ബ്രസീൽ ബഹ്റൈനെ കഷ്ടിച്ചു പരാജയപ്പെടുത്തിയത്. 25-24 എന്ന നേരിയ സ്കോറിനായിരുന്നു ബ്രസീലിന്റെ വിജയം. സ്ലൊവേനിയയോട് 26-27ന് തോറ്റ ബ്രസീലിന് ബഹ്റൈനുമായുള്ള കളി നിർണായകമായിരുന്നു. ഇതോടെ പാരീസ് 2024 ഒളിമ്പിക് ഗെയിംസ് പ്രതീക്ഷകൾ നിലനിർത്താൻ ബ്രസീലിനായി.
സ്പെയിനിനെതിരെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ബഹ്റൈൻ ബ്രസീലിനെതിരെ മികച്ച കളിയാണ് പുറത്തെടുത്തത്. ബഹ്റൈൻ ഗോൾകീപ്പർ മുഹമ്മദ് ഹുസൈൻ അബ്ദുല്ല അലി മികച്ച പ്രകടനം കാഴ്ചവെച്ചു. ഒന്നാം പകുതിയിൽ മുഹമ്മദ് അഹമ്മദും ഹുസൈൻ അൽസയാദും ചേർന്ന് നേടിയ എട്ട് ഗോളുകളും ബഹ്റൈന് മികച്ച സ്കോർ നൽകി. ഇന്ന് നടക്കുന്ന മത്സരത്തിൽ ബഹ്റൈൻ സ്ലൊവേനിയയെ നേരിടും. ഈ മത്സരത്തിലെ വിജയം ബഹ്റൈനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.

