ബ്രസല്‍സില്‍ ദശലക്ഷം ദിനാറിന് എംബസി കെട്ടിടം വാങ്ങിയെന്ന വാര്‍ത്ത വ്യാജം
text_fieldsമനാമ: ബ്രസല്‍സില്‍ ദശലക്ഷം ദിനാറിന് ബഹ്റൈന്‍ എംബസിയുടെ പ്രവര്‍ത്തനത്തിനായി കെട്ടിടം വാങ്ങിയെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത സൂക്ഷ്മതയില്ലാത്തതാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സര്‍ക്കാര്‍ ചെലവ് കുറക്കുന്നതിെൻറ ഭാഗമായി വലിയ തുക കൊടുത്തുള്ള വാടകക്കെട്ടിടങ്ങള്‍ ഒഴിവാക്കി സ്വന്തമായി സ്ഥലവും കെട്ടിടവും ഏര്‍പ്പെടുത്തുന്നതിനുള്ള നീക്കം നടത്തുന്നുണ്ട്. ഇതുവഴി മാസം തോറും വലിയ സംഖ്യ മിച്ചം വെക്കാന്‍ സാധിക്കുമെന്ന് കരുതുന്നതായി വിദേശ കാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇത്തരം പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി ഇത് സംബന്ധിച്ച് ആവശ്യമായ പഠനം നടത്തും. വാടക സംഖ്യയും സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നതും തമ്മിലുള്ള അന്തരവും പഠനത്തിന് വിധേയമാക്കിയായിരിക്കും നടപടി സ്വീകരിക്കുക.
ബ്രസല്‍സ് തലസ്ഥാനത്തുള്ള എംബസി കെട്ടിടം 20 വര്‍ഷം കൊണ്ട് സ്വന്തമാക്കുന്നതിന് കരാറിലാണ് ഏര്‍പ്പെട്ടിട്ടുള്ളത്. 20 വര്‍ഷം വാടക കൊടുത്ത് കഴിയുമ്പോള്‍ കെട്ടിടം സ്വന്തമാക്കുന്ന തരത്തിലുള്ളതാണ് ഉടമ്പടി. ഇത് ഭാവിയില്‍ വലിയ ലാഭമുണ്ടാകുമെന്നാണ് കരുതുന്നത്. എംബസികളുടെ പ്രവര്‍ത്തനത്തിന് അനുവദിച്ചിട്ടുള്ള ബജറ്റനുസരിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ബജറ്റിനപ്പുറത്തുള്ള തുക ചെലവഴിക്കാന്‍ മന്ത്രാലയത്തിന് സാധ്യമല്ലെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി. ബ്രസല്‍സിലെ എംബസി കെട്ടിടവുമായി ബന്ധപ്പെട്ട് വിദേശ കാര്യ മന്ത്രാലയം ഇത് വരെ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെന്നും അതിനാല്‍ പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത ശരിയല്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
