ബ്രേവ് സി.എഫ് 57 മത്സരങ്ങൾക്ക് തുടക്കം; 17 രാജ്യങ്ങളിൽനിന്നുള്ള 24 താരങ്ങൾ മാറ്റുരക്കും
text_fieldsമനാമ: ഇടിക്കൂട്ടിലെ താരങ്ങളുടെ ആവേശപ്പോരിന്റെ നാളുകളാണ് ഇനി ബഹ്റൈനിൽ. അഞ്ച് ദിവസം നീളുന്ന ബ്രേവ് ഇന്‍റർനാഷനൽ കോംബാറ്റ് വീക്കിന് ഖലീഫ സ്പോർട്സ് സിറ്റിയിൽ ചൊവ്വാഴ്ച തുടക്കംകുറിച്ചു. ആരാധകർ കാത്തിരുന്ന ബ്രേവ് സി.എഫ് 57 മത്സരങ്ങളിൽ 17 രാജ്യങ്ങളിൽനിന്നുള്ള 24 താരങ്ങളാണ് മാറ്റുരക്കുന്നത്. എം.എം.എ സൂപ്പർ കപ്പിന്റെ ആദ്യ പതിപ്പിനും ഇത്തവണ ബഹ്റൈൻ സാക്ഷിയാകും. മിക്സഡ് മാർഷൽ ആർട്സിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ചാമ്പ്യൻഷിപ്പിൽ 2,25,000 ഡോളറിന്റെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
അയർലൻഡ്, മെക്സികോ, തജികിസ്താൻ, ബഹ്റൈൻ, കസാഖ്സ്താൻ എന്നിവിടങ്ങളിൽനിന്നുള്ള താരങ്ങളും ഓഷ്യാനിയ, ബാൽക്കൻസ്, അറബ് ചാമ്പ്യൻമാരാണ് എം.എം.എ സൂപ്പർ കപ്പിൽ പങ്കെടുക്കുന്നത്. ഓരോ ടീമിലും രണ്ട് വനിതകൾ ഉൾപ്പെടെ ഒമ്പത് ഫൈറ്റർമാർ വീതം ഉണ്ടാകും. മാർച്ച് ഒമ്പത്, 10, 12 തീയതികളിലാണ് എം.എം.എ സൂപ്പർ കപ്പ് അരങ്ങേറുന്നത്. പുരുഷതാരം റമസാൻ ഗിടിനോവ്, വനിതതാരം സബ്രീന ലോറന്‍റീന ഡിസൂസ എന്നിവർ ഉൾപ്പെട്ട ടീമാണ് ബഹ്റൈനുവേണ്ടി അണിനിരക്കുന്നത്. ബ്രേവ് സി.എഫ് 57 മത്സരങ്ങളിൽ പങ്കെടുക്കുന്ന താരങ്ങൾ കഴിഞ്ഞ ദിവസം തന്നെ ബഹ്റൈനിൽ എത്തിയിരുന്നു. വൈകീട്ട് ആറിനാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. ബഹ്റൈൻ താരം ഹംസ കൂഹേജിയും കനേഡിയൻ-ഐറിഷ് താരം ബ്രാഡ് കറ്റോണയും തമ്മിലുള്ള സൂപ്പർ പോരാട്ടം വെള്ളിയാഴ്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

