ബുക്കിംഗ്.കോം ഡാറ്റാ ചോർച്ച: ഫിഷിംഗ് തട്ടിപ്പുകൾക്കെതിരെ ബഹ്‌റൈൻ അധികൃതരുടെ മുന്നറിയിപ്പ്
text_fieldsമനാമ: പ്രമുഖ യാത്ര ബുക്കിംഗ് വെബ്‌സൈറ്റായ ബുക്കിംഗ്.കോമിൽ നിന്നും ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട് വന്ന സാഹചര്യത്തിൽ സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈൻ ആന്റി കറപ്ഷൻ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
ചോർന്ന വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പുകാർ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഇന്റർനെറ്റിലൂടെ ആളുകളെ കബളിപ്പിച്ച് അവരുടെ രഹസ്യവിവരങ്ങൾ തട്ടിയെടുക്കാൻ (ഫിഷിംഗ്) സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
മുൻകരുതലിന്‍റെ ഭാഗമായി ബുക്കിംഗ് സംബന്ധമായ വിവരങ്ങൾ പരിശോധിക്കാൻ ഇമെയിലിലെ ലിങ്കുകളെ ആശ്രയിക്കാതെ, ബുക്കിംഗ്.കോമിന്റെ ഔദ്യോഗിക ആപ്ലിക്കേഷനോ വെബ്‌സൈറ്റോ നേരിട്ട് ഉപയോഗിക്കണം. ഇമെയിലുകൾ വഴിയോ സംശയാസ്പദമായ ലിങ്കുകൾ വഴിയോ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളോ ബാങ്ക് അക്കൗണ്ട്/കാർഡ് വിവരങ്ങളോ കൈമാറരുത്. ലഭിക്കുന്ന സന്ദേശങ്ങൾ ആധികാരികമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം പ്രതികരിക്കുക.
നിക്ഷേപ തട്ടിപ്പുകൾക്കായി എ.ഐ ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ വീഡിയോകളെക്കുറിച്ചും ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. പ്രമുഖ വ്യക്തികളുടെയോ സർക്കാർ ഉദ്യോഗസ്ഥരുടെയോ വീഡിയോകളും ശബ്ദവും എഡിറ്റ് ചെയ്ത്, അവർ ലാഭകരമായ നിക്ഷേപ പദ്ധതികൾ ശുപാർശ ചെയ്യുന്നു എന്ന രീതിയിലാണ് ഇത്തരം തട്ടിപ്പുകൾ പ്രചരിക്കുന്നത്.
ഇത്തരം നിക്ഷേപ അവസരങ്ങൾ വ്യാജമാണെന്നും ജനങ്ങളുടെ പണം തട്ടിയെടുക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള സൈബർ തട്ടിപ്പുകൾക്ക് ഇരയാകുകയോ സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ 992 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ ബന്ധപ്പെട്ട് ജനറൽ ഡയറക്ടറേറ്റിൽ വിവരമറിയിക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

