2024ലെ ഏറ്റവും മികച്ച അറബ് ഒളിമ്പിക് അതോറിറ്റിയായി ബി.ഒ.സിയെ തിരഞ്ഞെടുത്തു
text_fieldsമികച്ച അറബ് ഒളിമ്പിക് അതോറിറ്റി അവാർഡ് സ്വീകരിക്കുന്ന ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി ചെയർമാൻ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ
മനാമ: 2024ലെ ഏറ്റവും മികച്ച അറബ് ഒളിമ്പിക് അതോറിറ്റിയായി ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി)യെ തിരഞ്ഞെടുത്തു. ബി.ഒ.സിയുടെ കായിക നേട്ടങ്ങൾ, കാര്യനിർവഹണത്തിലെ വിജയങ്ങൾ, മികച്ച ഇടപെടലുകൽ എന്നിവ പരിഗണിച്ച് അറബ് ഫെഡറേഷൻ ഫോർ സ്പോർട്സ് കൾച്ചറൽ (എ.എഫ്.എഫ്.സി)യാണ് ബി.ഒ.സിയെ മികച്ച അതോറിറ്റിയായി തിരഞ്ഞെടുത്തത്.
എ.എഫ്.എഫ്.സി എക്സിക്യൂട്ടിവ് കമ്മിറ്റി പ്രസിഡന്റും ഇന്റർനാഷനൽ ഫെഡറേഷൻ ഫോർ സ്പോർട്സ് കൾച്ചർ അംഗവുമായ അഷ്റഫ് മഹ്മൂദ് ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി ചെയർമാനും യുവജന, കായിക സുപ്രീം കൗൺസിൽ ഒന്നാം വൈസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫക്ക് അവാർഡ് കൈമാറി. ചടങ്ങിൽ ബി.ഒ.സി വൈസ് പ്രസിഡന്റ് ശൈഖ് ഈസ ബിൻ അലി ആൽ ഖലീഫ, ജി.എസ്.എ സി.ഇ.ഒ ഡോ. അബ്ദുറഹ്മാൻ അസ്കർ, ബി.ഒ.സി സെക്രട്ടറി ജനറൽ ഫാരിസ് അൽ കുഹേജി എന്നിവർ സന്നിഹിതരായിരുന്നു.
അവാർഡ് നേടാനായതിലും ബി.ഒ.സി അംഗീകരിക്കപ്പെട്ടതിലും ശൈഖ് ഖാലിദ് അഭിമാനം പ്രകടിപ്പിച്ചു. 2024ൽ പാരിസിൽ നടന്ന ഒളിമ്പിക്സിൽ മറ്റ് അറബ് രാജ്യങ്ങളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ച വെക്കുകയും രണ്ട് സ്വർണം, ഒരു വെള്ളി, ഒരു വെങ്കലം എന്നിവയുൾപ്പെടെ നാല് മെഡലുകൾ നേടി മേഖലയിൽ ഒന്നാം സ്ഥാനം നേടുകയുംചെയ്ത പ്രകടനത്തിന് ബി.ഒ.സിയുടെ നേതൃത്വത്തിൽ നടത്തിയ പരിശ്രമങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു.
അന്താരാഷ്ട്ര മത്സരങ്ങളിൽ കമ്മിറ്റി കരസ്ഥമാക്കിയ വിജയങ്ങളും പ്രാദേശിക, അന്തർദേശീയ അംഗീകാരം നേടിയ നിരവധി കായിക വേദികൾ ഒരുക്കിയതിനെയും പ്രശംസിച്ചു. കൂടാതെ രാജ്യത്തെ കായിക ടീമുകളെ പിന്തുണക്കുന്നതിലും അവരെ മെച്ചപ്പെടുത്തുന്നതിലും കമ്മിറ്റി വഹിക്കുന്ന നിർണായക പങ്കിനെ ചൂണ്ടിക്കാണിച്ച് ശൈഖ് ഖാലിദ് ബഹ്റൈൻ കായികരംഗത്തെ പുരോഗതി തുടരുന്നതിനും ആഗോളതലത്തിൽ അതിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും ഈ അവാർഡ് ഒരു പ്രചോദനമാണെന്നും പറഞ്ഞു. ബി.ഒ.സിയെ അവാർഡിനായി പരിഗണിച്ചതിന് എ.എഫ്.എസ്.സിക്ക് അദ്ദേഹം നന്ദി പറഞ്ഞു. അറബ് മേഖലയിലുടനീളം കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫെഡറേഷന്റെ ശ്രമങ്ങളെയും അറബ് കായിക വിനോദങ്ങൾ ഉയർത്തുന്നതിൽ മികവ് പുലർത്താൻ കായികതാരങ്ങളെയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന അവാർഡ് ദാന ചടങ്ങിനെയും ശൈഖ് ഖാലിദ് പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

