ബി.എം.ഡി.എഫ് ഭാരവാഹികൾ നോർക്ക റൂട്ട് വൈസ് ചെയർമാന് നിവേദനം നൽകി
text_fieldsബി.എം.ഡി.എഫ് ഭാരവാഹികൾ നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണന്
നിവേദനം കൈമാറുന്നു
മനാമ: ബഹ്റൈനിൽ ഔദ്യോഗിക സന്ദർശനത്തിനായെത്തിയ നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണനെ സന്ദർശിച്ച് ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം (ബി.എം.ഡി.എഫ്) ഭാരവാഹികൾ. പ്രവാസി മലയാളികളെ അലട്ടുന്ന സുപ്രധാന പ്രശ്നങ്ങളുടെ അടിയന്തര പരിഹാരത്തിനായി അദ്ദേഹത്തിന് നിവേദനം സമർപ്പിച്ചു.
നിവേദനത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള വിഷയങ്ങൾ അതി ഗൗരവമുള്ളവയാണെന്നും അത്തരം പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കപ്പെടാൻ വേണ്ട നടപടികൾ അനുഭാവപൂർവം സ്വീകരിക്കാമെന്നും ചർച്ചകൾക്കു ശേഷം അദ്ദേഹം ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം ഭാരവാഹികളെ അറിയിച്ചു.
* കേരളത്തിൽനിന്നുള്ള പ്രവാസികളിൽ ബഹുഭൂരിഭാഗവും ഗൾഫ് രാജ്യങ്ങളിൽ ആണെന്നിരിക്കെ ഇവിടെയുള്ള മലയാളികൾക്ക് സംസ്ഥാന സർക്കാർ സർവിസുകളിലേക്കുള്ള മത്സര പരീക്ഷകൾ എഴുതാനുള്ള പി.എസ്.സി പരീക്ഷ കേന്ദ്രം ബഹ്റൈനിൽ അനുവദിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക.
* നോർക്കയുടെ പ്രവാസി തിരിച്ചറിയൽ കാർഡിന് അപേക്ഷിച്ചവർക്ക് അത് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനായി വേണ്ട നടപടികൾ സ്വീകരിക്കുക.
* പ്രവാസി തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാൻ ആറുമാസം കുറഞ്ഞത് വിസ കാലാവധി വേണമെന്ന നിബന്ധന എടുത്തു കളയുക. ഇപ്പോ ബഹ്റൈനിലടക്കം ആറുമാസത്തേക്ക് വിസ എടുക്കുന്നവർക്ക് നിലവിൽ കാർഡിന് നിയമപരമായി അപേക്ഷിക്കാൻ അർഹതയില്ല.
* നോർക്കയുടെ രോഗികളായ പ്രവാസികൾക്കുള്ള സാന്ത്വനം പദ്ധതിയുടെ തുക അപേക്ഷ നൽകിയാൽ ഉടനെ ലഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക. ചികിത്സാസഹായത്തിന് അപേക്ഷിച്ച പലർക്കും മരണപ്പെടുന്നതു വരെ സഹായം ലഭിക്കാത്ത അവസ്ഥയുണ്ട്.
* പ്രവാസികൾക്കും കുടുംബത്തിനും സമഗ്ര ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്താൻ ഉള്ള പദ്ധതികൾ കൊണ്ടുവരുക. തിരിച്ചെത്തി നാട്ടിൽ ജീവിക്കുന്ന മുൻ പ്രവാസികൾക്ക് കൂടി പ്രീമിയം അടച്ച് പോളിസിയിൽ തുടരാനുള്ള അവസരം നൽകുക.
* പ്രവാസികളുടെ ബോഡി റിപ്പാർട്ടിയേഷൻ സമയത്ത് മരിച്ചയാളുടെ തൊട്ടടുത്ത പ്രദേശത്തുള്ള ആംബുലൻസ് തന്നെ അനുവദിക്കുക. ബന്ധുക്കൾ നിലവിൽ മൃതദേഹം സ്വീകരിക്കാൻ സ്വന്തം ചെലവിൽ ആയിരങ്ങൾ മുടക്കി എയർപോർട്ടിൽ എത്തേണ്ട അവസ്ഥയുണ്ട്.
* പ്രവാസികളുടെ പാസ്പോർട്ട് വിദേശത്തുനിന്ന് പുതുക്കുമ്പോൾ നാട്ടിലെ പൊലീസ് വെരിഫിക്കേഷൻ മാസങ്ങളോളം വൈകുന്ന അവസ്ഥയുണ്ട്, അതിനു വേണ്ട നടപടി സ്വീകരിക്കുക.
* നോർക്ക കോൾ സെന്ററുകളിൽ വിളിക്കുമ്പോൾ ഫോൺ എടുക്കുന്നില്ല. കാൾ സെന്ററുകളുടെ കാര്യക്ഷമത ഉറപ്പുവരുത്തുക, നോർക്ക ആവശ്യങ്ങൾക്കായി ഒ.ടി.പി ഫോണിലും ഇ-മെയിലിലും ലഭ്യമാക്കുക. വിദേശ നമ്പറിൽ കൂടി ഒ.ടി.പി ലഭിക്കുന്നതിനുള്ള ക്രമീകരണം ചെയ്യുക.
* പ്രവാസികൾക്ക് നാട്ടിലെ പൊലീസ് സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് നോർക്ക പോലീസ് ഹോട്ട് ലൈൻ സ്ഥാപിക്കുക.
* ക്രിട്ടിക്കൽ രോഗങ്ങൾ വന്നു അടിയന്തിരമായി നാട്ടിൽ ചികിത്സക്ക് എത്തുന്ന പ്രവാസികൾക്ക് തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ സർക്കാർ ആശുപത്രികളിൽ വിദഗ്ദ ഡോക്ടർമാരെ കണ്ടു പരിശോധനകൾ നടത്താനുള്ള മുൻഗണന ആനുകൂല്യം നടപ്പാക്കുക.
തുടങ്ങി ഗൾഫ് രാജ്യങ്ങളിൽ ജീവിക്കുന്ന സാധാരണക്കാരായ പ്രവാസികൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് ബി.എം.ഡി.എഫ് ഭാരവാഹികളായ ബഷീർ അമ്പലായി, സലാം മമ്പാട്ടുമൂല, ഷമീർ പൊട്ടച്ചോല, ഫസലുൽ ഹഖ്, മൻഷീർ കൊണ്ടോട്ടി, മുനീർ ഒറവക്കോട്ടിൽ, സക്കരിയ പൊന്നാനി, റസാഖ് പൊന്നാനി തുടങ്ങിയവർ നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

