ബി.എം.സി ശ്രാവണ മഹോത്സവം 2025; ശ്രദ്ധേയമായി പായസ മത്സരവും മലയാളിമങ്ക മത്സരവും
text_fieldsമനാമ: ബി.എം.സിയുടെ 30 ദിവസം നീളുന്ന ഓണാഘോഷ പരിപാടിയായ 'ബി.എം.സി. ശ്രാവണ മഹോത്സവം 2025'ന്റെ ഭാഗമായി സംഘടിപ്പിച്ച പായസ മത്സരവും മലയാളി മങ്ക മത്സരവും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ബി.എം.സി ഓഡിറ്റോറിയങ്ങളിൽ നടന്ന മത്സരങ്ങളിൽ നിരവധി മത്സരാർഥികളാണ് പങ്കെടുത്തത്. മത്സരങ്ങളോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ ശ്രാവണ മഹോത്സവം 2025 കമ്മിറ്റി ചെയർമാൻ സുധീർ തിരുനിലത്ത് സ്വാഗതമാശംസിച്ചു. ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അധ്യക്ഷത വഹിച്ചു.
ബി.എം.സി മിസിസ് ഇന്ത്യ ബഹ്റൈൻ മത്സരം നടത്താൻ ആലോചിക്കുന്നതായി അധ്യക്ഷപ്രസംഗത്തിൽ ഫ്രാൻസിസ് കൈതാരത്ത് പ്രഖ്യാപിച്ചു. ആൽബാർക് ഇലക്ട്രിക്കൽ ഗ്രൂപ് ചെയർപേഴ്സൺ തനിമ ചക്രവർത്തി മുഖ്യാതിഥിയായി പങ്കെടുത്തു. കൃഷ്ണകുമാർ നായർ, എബ്രഹാം സി.എസ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഇവർക്കൊപ്പം ശ്രാവണ മഹോത്സവം 2025 ജനറൽ കൺവീനർ ബിപിൻ വർഗീസും ആശംസകൾ നേർന്ന് സംസാരിച്ചു. അതിഥികളെ സംഘാടകർ ആദരിച്ചു.
പഴമയുടെ തനിമയിൽ മനോഹരമായി അലങ്കരിച്ച്, വേറിട്ട ശൈലിയിൽ തയാറാക്കിയ വിവിധതരം പായസങ്ങളുടെ കലവറയായിരുന്നു പായസമത്സരവേദി. ഒമ്പത് ടീമുകൾ മാറ്റുരച്ച മത്സരത്തിൽ അമ്പിളി ഇബ്രാഹിം ഒന്നാം സ്ഥാനം നേടി. റിൻഷി ശ്യാം രണ്ടാം സ്ഥാനവും ശ്യാമ ജീവൻ, രാജേഷ് പി എന്നിവർ മൂന്നാം സ്ഥാനവും നേടി.
മലയാളിമങ്ക മത്സരത്തിൽ 12 ടീമുകളാണ് പങ്കെടുത്തത്. കേരളത്തനിമയാർന്ന പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞെത്തിയ മത്സരാർഥികളിൽ ലിഷ, ആരാധന രാജീവ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനവും അമ്പിളി ഇബ്രാഹിം, ഹയാ ഫാത്തിമ എന്നിവർ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും നൽകി. പങ്കെടുത്ത എല്ലാ മത്സരാർഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
മത്സരങ്ങളുടെ വിധികർത്താക്കളെ മെമന്റോ നൽകി ആദരിച്ചു. ശ്രാവണ മഹോത്സവം 2025 ചീഫ് കോഓഡിനേറ്റർ മണിക്കുട്ടൻ, അൻവർ നിലമ്പൂർ, ജേക്കബ് തെക്കുംതോട്, ഹുസൈൻ പി.ടി, സലിം നമ്പ്ര, ഷാജി ആലക്കൽ, രത്നകുമാർ പാളയത്ത് തുടങ്ങിയ സംഘാടകസമിതി അംഗങ്ങളും ബി.എം.സി കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. സുനീഷ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

