ബി.എം.സി ശ്രാവണ മഹോത്സവം 2025 , ഓണപ്പാട്ട് മത്സരം ശ്രദ്ധേയമായി
text_fieldsഓണപ്പാട്ട് മത്സര വിജയികൾ സമ്മാനവുമായി
മനാമ: ബി.എം.സി ഓണാഘോഷ പരിപാടിയായ ബി.എം.സി ശ്രാവണ മഹോത്സവം 2025ന്റെ ഭാഗമായി നടന്ന ഓണപ്പാട്ട് മത്സരം ശ്രദ്ധേയമായി. ബി.എം.സി ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 13ന് വൈകീട്ടാണ് മത്സരം നടന്നത്. ഓണപ്പാട്ട് മത്സരത്തിന്റെ ജനറൽ കൺവീനർ മായ അച്ചു, ജോയന്റ് കൺവീനർമാരായ ഷംല നാസർ, ആൻസി മേരി എന്നിവരുടെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ എട്ട് ടീമുകൾ പങ്കെടുത്തു.
ഐ.എൽ.എ പ്രസിഡന്റ് സ്മിത ജൻസൺ, എം.ടി. ആനന്ദ്, സുധ ആനന്ദ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ശ്രാവണ മഹോത്സവം 2025 കമ്മിറ്റി ചെയർമാൻ സുധീർ തിരുനിലത്ത് സ്വാഗതം ആശംസിച്ചു. ഇന്ത്യൻ ക്ലബിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോസഫ് ജോയിയെയും ജോയന്റ് സെക്രട്ടറി മനോജ് കുമാറിനെയും ആദരിച്ചു. ഓണക്കാലത്തിന്റെ ഓർമകൾ സമ്മാനിച്ച ഓണപ്പാട്ട് മത്സരത്തിൽ ഓരോ ടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ടീം സ്വരലയ ഒന്നാം സ്ഥാനവും ബഹ്റൈൻ പ്രതിഭ രണ്ടാം സ്ഥാനവും സർഗസംഗീതം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
വിധികർത്താക്കളായ ഡോക്ടർ രിതിൻ രാജ്, ശശിധരൻ, രാജാറാം എന്നിവർക്കും അതിഥികൾക്കും ബി.എം.സി സ്നേഹാദരം നൽകി.
ഒക്ടോബർ ഒമ്പതിന് നടക്കുന്ന മിമിക്രി, മോണോ ആക്ട് മത്സരമായ ‘മിന്നും താരങ്ങളുടെ’ ലോഗോ പ്രകാശനം അജി പി. ജോയി, ഫ്രാൻസിസ് കൈതാരത്ത്, സുധീർ തിരുനിലത്ത് എന്നിവർ ചേർന്ന് നിർവഹിച്ചു. റിഥം മ്യൂസിക് ബാൻഡിലെ കുട്ടികൾ അവതരിപ്പിച്ച രസകരമായ തിരുവാതിരയും മറ്റ് നിരവധി കലാപരിപാടികളും ചടങ്ങിന് മാറ്റ് കൂട്ടി.
ഓണപ്പാട്ട് മത്സര ചടങ്ങുകൾ നിയന്ത്രിച്ച അവതാരകരായ സഞ്ജു, സുനീഷ് എന്നിവർക്ക് ബി.എം.സി മെമന്റോ സമ്മാനിച്ചു.
ശ്രാവണ മഹോത്സവം 2025 സ്പോൺസർഷിപ് കമ്മിറ്റി ചെയർമാൻ ഇ.വി. രാജീവൻ, രഞ്ജിത്ത് കുരുവിള, മോനി ഓടികണ്ടത്തിൽ, ഹുസൈൻ വയനാട്, ജയേഷ് താന്നിക്കൽ, അൻവർ നിലമ്പൂർ, ബി.എം.സി എക്സിക്യൂട്ടീവ് മാനേജർ ജെമി ജോൺ, രാജേഷ് പെരുങ്ങുഴി തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും ബി.എം.സി കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. മായ അച്ചു നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

