ബി.കെ.എസ് നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം
text_fieldsവിദ്യാധരൻ മാസ്റ്റർ, ദിവ്യ എസ്. അയ്യർ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് ചൊവ്വാഴ്ച വൈകീട്ട് എട്ടുമുതൽ തുടക്കമാകും. മൂന്നുദിവസത്തെ ആഘോഷപരിപാടികൾ വിപുലമായി സംഘടിപ്പിക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു. ബഹ്റൈനിലെ പ്രമുഖ നൃത്താധ്യാപകരുടെയും സംഗീതാധ്യാപകരുടെയും നേതൃത്വത്തിൽ വിദ്യാർഥികൾ അവതരിപ്പിക്കുന്ന നൃത്തസംഗീത അർച്ചനയോടെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമാകും.
നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് സമാജം ഏർപ്പെടുത്തിയ ‘ബി.കെ.എസ് കലാകേന്ദ്ര ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്’ സമർപ്പണം രണ്ടാംദിനമായ നാളെ വൈകീട്ട് എട്ടിന് നടക്കും. മലയാള സംഗീത ശാഖക്ക് നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് പ്രശസ്ത സംഗീത സംവിധായകനും അഭിനേതാവുമായ വിദ്യാധരൻ മാസ്റ്റർക്കാണ് പുരസ്കാരം നൽകുന്നത്. ബുധനാഴ്ച രാത്രി എട്ടിന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരസമർപ്പണത്തോടൊപ്പം വിദ്യാധരൻ മാസ്റ്റർ ഈണം നൽകിയ ഗാനങ്ങൾ കോർത്തിണക്കിയ സംഗീതനിശയും അരങ്ങേറും. ചടങ്ങിൽ കേരള ഹൈകോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, സാംസ്കാരികവകുപ്പ് സെക്രട്ടറി ഡോ. ദിവ്യ എസ്. അയ്യർ, കെ. ശബരീനാഥ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
വിജയദശമി ദിനമായ വ്യാഴാഴ്ച പുലർച്ച അഞ്ച് മണിമുതൽ വിദ്യാരംഭചടങ്ങുകൾ ആരംഭിക്കും. മുഖ്യാതിഥി ഡോ. ദിവ്യ എസ്. അയ്യർ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കും. കൂടുതൽ വിവരങ്ങൾക്ക് റിയാസ് ഇബ്രാഹിം: 33189894, വിനയചന്ദ്രൻ നായർ: 39215128.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

