ബി.കെ.എസ് ജി.സി.സി കലോത്സവം 2026 ന് തുടക്കം
text_fieldsമനാമ: ബി.കെ.എസ് ജി.സി.സി കലോത്സവം 2026-ന് സാംസ്കാരികത്തനിമയോടെ തുടക്കമായി. സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിശിഷ്ട അതിഥികളും സാംസ്കാരിക നായകരും പങ്കെടുത്തു. മനോഹരമായ പൂജ നൃത്തത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാംസ്കാരിക ഐക്യവും സാമൂഹിക ബന്ധങ്ങളും ഊട്ടിയുറപ്പിക്കുന്നതിൽ ഇത്തരം കലോത്സവങ്ങൾക്കുള്ള പ്രാധാന്യം അദ്ദേഹം തന്റെ അധ്യക്ഷ പ്രസംഗത്തിൽ അടിവരയിട്ടു.
പരമ്പരാഗത നിലവിളക്ക് തെളിയിച്ചുകൊണ്ട് കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ചീഫ് ഗസ്റ്റ് ജയദീപ് ഭാരത്‌ജി ഉദ്ഘാടന പ്രസംഗം നടത്തി. പ്രവാസ മണ്ണിൽ കലയെയും സാംസ്കാരിക മൂല്യങ്ങളെയും പരിപോഷിപ്പിക്കുന്നതിൽ സംഘാടകർ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. ബി.കെ.എസ് ജനറൽ സെക്രട്ടറി വർഗീസ് കരക്കൽ സ്വാഗത പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് ആശംസകൾ അർപ്പിച്ചു. കലോത്സവത്തിന്റെ വിജയത്തിനായി അണിയറയിൽ പ്രവർത്തിച്ച എല്ലാവരുടെയും കൂട്ടായ പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കലോത്സവം ജനറൽ കൺവീനർ രേണു ഉണ്ണികൃഷ്ണൻ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ വിവിധ വേദികളിലായി ജി.സി.സിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരയ്ക്കുന്ന കലാമാമാങ്കത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

