ബി.കെ.എസ് ജി.സി.സി കലോത്സവം; മൂന്നാം വട്ടവും കലാതിലകമായി ഇഷ ആഷിക്
text_fieldsഇഷ ആഷിക് കുടുംബത്തോടൊപ്പം
മനാമ: ബഹ്റൈൻ കേരളീയ സമാജം ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള കുട്ടികൾക്കായി നടത്തുന്ന ഏറ്റവും വലിയ കലാമത്സരമായ ബി.കെ.എസ് കലോത്സവത്തിൽ തുടർച്ചയായി മൂന്നാം വർഷവും കലാതിലകമായി ഇഷ ആഷിക്. ബഹ്റൈനിലെ ഭവൻസ് ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ ഇഷ ആഷിക് ബഹ്റൈൻ പ്രവാസിയായ കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി ആഷികിന്റെയും സൗമ്യയുടേയും മകളാണ്. വ്യത്യസ്തമായ പത്തോളം ഇനങ്ങളിൽ മത്സരിച്ച് സമ്മാനം നേടിയാണ് ഇഷ ഇപ്രാവശ്യത്തെ കലോത്സവത്തിൽ കലാതിലകമായത്.
കെ.സി.എ കലാതിലകം 2023, കെ.സി.എ ഗ്രൂപ് 3 ചാമ്പ്യൻ 2022 ആയും ഇഷ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നർത്തകിയും ഗായികയും കൂടിയാണ് ഈ കൊച്ചു മിടുക്കി. ഇംഗ്ലീഷ്, ഹിന്ദി, മലയാളം പദ്യപാരായണം, പ്രസംഗം, പ്രച്ഛന്ന വേഷം തുടങ്ങി നിരവധി ഇനങ്ങളിൽ സ്കൂൾ - ഇന്റർ സ്കൂൾ മത്സരങ്ങളിൽ ഇഷ സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. ബഹ്റൈനിലെ സൗണ്ട് എൻജിനീയറായ ജോസ് ഫ്രാൻസിസിന്റെ മ്യൂസിക്ക് ചാനലായ ‘ജോസ് മ്യൂസിക്ക’യിൽ കോൺവെക്സ് മീഡിയ സംവിധാനം ചെയ്ത മ്യൂസിക്കൽ ആൽബത്തിൽ പാടി അഭിനയിക്കാനും ഇഷക്ക് അവസരം ലഭിച്ചിട്ടുണ്ട്. ബഹ്റൈനിലെ സംഗീത അധ്യാപകൻ പ്രജോദ് കൃഷ്ണയുടെ ശിക്ഷണത്തിൽ ശാസ്ത്രീയ സംഗീതവും വിജിത ശ്രീജിത്തിന്റെ കീഴിൽ സിനിമ - ലളിത ഗാനവും അഭ്യസിക്കുന്നുണ്ട്. ഒറിയൻസ് പഠന കേന്ദ്രത്തിലെ മുനീർ മാസ്റ്ററുടെ കീഴിൽ നൃത്തവും പഠിക്കുന്നു.
രാജീവ് വെള്ളിക്കോത്ത് നയിക്കുന്ന മീഡിയരംഗിന്റെ ‘ഫൂസിഫെറ’ ഓർക്കസ്ട്രയിലും ഇഷ സജീവാംഗമാണ്. പിതാവ് ആഷിക് ബഹ്റൈനിലെ സ്വകാര്യ ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്യുന്നു. ഭവൻസ് ഇന്ത്യൻ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായ അർമാൻ ആഷിക് ആണ് സഹോദരൻ. കലാരംഗത്ത് ഇനിയും ഉയരങ്ങൾ കീഴടക്കാനുള്ള ശ്രമത്തിലാണ് ഇഷ ആഷിക്. കുഞ്ഞുനാൾ മുതൽ ഇഷയുടെ കലാവാസനകൾ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയാണ് മാതാപിതാക്കൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.