ബി.കെ.എസ്-ഡി.സി പുസ്തകോത്സവം: ഇന്ന് എം. മുകുന്ദനും ജോസ് പനച്ചിപ്പുറവും പങ്കെടുക്കും
text_fieldsമനാമ: ബഹ്‌റൈൻ കേരളീയ സമാജം ഡി.സി ബുക്സുമായി സഹകരിച്ചു നടത്തുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ചൊവ്വാഴ്ച സാഹിത്യകാരൻ എം. മുകുന്ദനും ചെറുകഥാ കൃത്തും പത്രപ്രവർത്തകനുമായ ജോസ് പനച്ചിപ്പുറവും പങ്കെടുക്കും. രാത്രി എട്ട് മണിക്ക് നടക്കുന്ന പരിപാടിയിൽ ഇരുവരും പ്രഭാഷണം നടത്തും. ഇന്ത്യയിലെ യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ അമീഷ് തൃപാഠിയുമായുള്ള വെർച്യുൽ സംവാദം ഇന്ന് വൈകിട്ട് 7.30ന് നടക്കും.
സമാജം ഡയമണ്ട് ജൂബിലി ഹാളിൽ സജ്ജമാക്കിയിട്ടുള്ള കിഡ്സ് കോർണറിൽ എത്തുന്ന കുട്ടികൾക്ക് മുത്തശ്ശിമാരിൽ നിന്ന് നേരിട്ട് കഥകൾ കേൾക്കാനും അവസരമുണ്ട്. കഥകൾ പറയാനും വിവിധ കളികളിൽ ഏർപ്പെടുവാനും സൗകര്യമൊരുക്കിയിട്ടുണ്ട്. സാമൂഹ്യ പ്രവർത്തകയും സമാജം വനിതാവേദിയുടെ മുൻ പ്രസിഡൻ്റുമായ മോഹിനി തോമസിൻ്റെ നേതൃത്വത്തിലാണ് കിഡ്സ് കോർണർ പ്രവർത്തിക്കുന്നത്.
പുസ്തകമേളയുടെ ഭാഗമായി സമാജം ചിത്രകലാ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ചിത്രപ്രദർശനം ബുധനാഴ്ച സമാപിക്കും. തുടർന്ന് സമാജം ഫോട്ടോഗ്രാഫി ക്ലബിൻ്റെ ആഭിമുഖ്യത്തിലുള്ള ഫോട്ടോ പ്രദർശനത്തിന് തുടക്കമാകും.
ഫോട്ടോഗ്രാഫി ക്ലബ്ബ് കുട്ടികൾക്കായി നടത്തിയ മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിൽ വിജയികളായവരുടെ ചിത്രങ്ങളും പ്രദർശിപ്പിക്കും. മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന കുട്ടികൾക്ക് 17 വരെ ഫോട്ടോകൾ നൽകാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.