ബി.കെ.എസ്-ഡി.സി ഒമ്പതാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തിരിതെളിയും
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജവും ഡി.സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഒമ്പതാമത് അന്താരാഷ്ട്ര പുസ്തകോത്സവവും കൾച്ചറൽ കാർണിവലും ഇന്ന് സമാജം അങ്കണത്തിൽ തുടക്കമാകും. ഒരു ലക്ഷത്തിലധികം പുസ്തകങ്ങൾ പ്രദർശിപ്പിക്കുന്ന മേളയുടെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 7 മണിക്ക് നടക്കും. ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയും പ്രമുഖ കവിയും ഗാനരചയിതാവുമായ പ്രഭാ വർമ വിശിഷ്ടാതിഥിയുമായി പങ്കെടുക്കും.
രാവിലെ ഒമ്പതു മുതൽ രാത്രി 10.30 വരെയാണ് പ്രവേശന സമയം. വൈകീട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങ് എൺപതോളം ഏഷ്യൻ സ്കൂൾ വിദ്യാർഥികൾ പങ്കെടുക്കുന്ന ബാൻഡോടെയാണ് ആരംഭിക്കുക. ഫെസ്റ്റിവലിനോടനുബന്ധിച്ച് വൈകീട്ട് 7.30ന് എല്ലാദിവസവും കൾച്ചറൽ പ്രോഗ്രാമുകളും തുടർന്ന് പ്രമുഖ എഴുത്തുകാരുമായുള്ള സംവാദങ്ങളും ഉണ്ടായിരിക്കും. ലക്ഷത്തോളം പുസ്തകങ്ങൾ പ്രദർശിപ്പിക്കുന്ന പുസ്തകമേളയിൽ കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പുസ്തകശേഖരവും ഉണ്ടായിരിക്കും.
കാര്യ പരിപാടികൾ
ഡിസംബർ 5
മറ്റു രാജ്യ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന 'കൾച്ചർവിവാ' എന്ന നൃത്തസംഗീത പരിപാടിയിൽ ഇന്ത്യ, ബഹ്റൈൻ, തായ്ലൻഡ്, സൗത്ത് ആഫ്രിക്ക, നേപ്പാൾ, കാമറൂൺ, ശ്രീലങ്ക, ചൈന, ഭൂട്ടാൻ, ബംഗ്ലാദേശ്, കെനിയ, ഫിലിപ്പീൻസ് തുടങ്ങിയ പത്തിൽപരം രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുക്കും. സമാജത്തിന്റെ ചരിത്രത്തിൽതന്നെ നടക്കുന്ന ഇത്തരത്തിലുള്ള ആദ്യ പരിപാടിയാണിതെന്ന് സംഘാടകർ അറിയിച്ചു. അന്നേദിവസംതന്നെ നടക്കുന്ന പുസ്തകപ്രകാശന ചടങ്ങിൽ അറിയപ്പെടുന്ന എഴുത്തുകാരി, നിഷ രത്നമ്മ രമ്യ മിത്രപുരം എഴുതിയ പുസ്തകം പ്രകാശനം ചെയ്യും. തുടർന്ന് അതിഥിയുമായുള്ള അഭിമുഖം നടക്കും.
ഡിസംബർ 6
വൈകീട്ട് നടക്കുന്ന സാംസ്കാരിക പരിപാടിയിൽ ഇന്ത്യൻ സാംസ്കാരിക വൈവിധ്യം വിളിച്ചറിയിക്കുന്ന 'കലൈഡോസ്കോപ്പ്' അരങ്ങിൽ എത്തും. പതിനെട്ടോളം ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നൃത്തരൂപങ്ങളാണ് കലൈഡോസ്കോപ്പിൽ അണിനിരക്കുക.
ഡിസംബർ 7
വൈകീട്ട് 7.30 ന് ഐ.ഐ.പി.എ കലാകാരന്മാർ അവതരിപ്പിക്കുന്ന 'ഗസൽ സന്ധ്യയെ' തുടർന്നുള്ള പൊതുചടങ്ങിൽ പ്രമുഖ വ്ലോഗറും എഴുത്തുകാരനുമായ ബൈജു എൻ. നായർ പങ്കെടുക്കും. ലിജിത് ഫിലിപ് കുര്യൻ എഴുതിയ പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും.
ഡിസംബർ 8
മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിലെ കുട്ടികൾക്കായി 'അക്ഷരത്തോണി' എന്നപേരിൽ എഴുത്തു-ചിത്രരചന മത്സരങ്ങൾ നടക്കും. തുടർന്നുള്ള പൊതുചടങ്ങിൽ എഴുത്തുകാരൻ നസീഫ് കലയത്തു പങ്കെടുക്കും. ബഹ്റൈനിലെ മലയാളി എഴുത്തുകാരൻ നാസർ മുതുകാടിന്റെ പുസ്തകവും അന്ന് പ്രകാശനംചെയ്യും.
ഡിസംബർ 9
'ആർദ്രഗീത സന്ധ്യ' എന്ന പേരിൽ മലയാളം ആർദ്ര-ഭാവഗീതങ്ങളുടെ അവതരണവും തുടർന്ന് നടക്കുന്ന പൊതുചടങ്ങിൽ ഫിറോസ് തിരുവത്രയുടെ ആദ്യ കവിത സമാഹാരം പ്രകാശനം ചെയ്യപ്പെടുകയും ചെയ്യും. പ്രസ്തുത ചടങ്ങിൽ പ്രമുഖ പ്രസംഗകനും എഴുത്തുകാരനുമായ ഫാ. ബോബി ജോസ് കട്ടികാട്ടിൽ പങ്കെടുക്കും.
ഡിസംബർ 10
ടീം സിതാറിന്റെ നേതൃത്വത്തിൽ സംഗീത പരിപാടിയും വിവിധ കലാകാരന്മാരുടെ നൃത്തനൃത്യങ്ങളും നടക്കും. സമാജം ആർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിലുള്ള ആർട്സ് ആൻഡ് പെയിന്റിങ് എക്സിബിഷൻ അന്നേ ദിവസം ഉദ്ഘാടനം ചെയ്യപ്പെടും.
ഡിസംബർ 11
വൈകീട്ട് നടക്കുന്ന സാംസ്കാരിക പരിപാടികളിൽ ഐ.ഐ.പി.എ കലാകാരന്മാർ അവതരിപ്പിക്കുന്ന ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ, പിങ്ക് ബാൻഡ് നയിക്കുന്ന സംഗീത പരിപാടി എന്നിവ അരങ്ങേറും. അന്നേദിവസം നടക്കുന്ന പൊതു ചടങ്ങിൽ പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ പി.എം.എ. ഗഫൂർ പങ്കെടുക്കും. ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി അനീക്ക അബ്ബാസ് എഴുതിയ പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും.
ഡിസംബർ 12
വൈകീട്ട് കലാകേന്ദ്ര ആർട്സിന്റെ ആഭിമുഖ്യത്തിൽ നൃത്ത-സംഗീത പരിപാടികൾ നടക്കും. തുടർന്നുള്ള പൊതു ചടങ്ങിൽ ആശ രാജീവ് എഴുതിയ പുസ്തകത്തിന്റെ പ്രകാശനം പ്രമുഖ എഴുത്തുകാരൻ ഇ. സന്തോഷ് കുമാർ നിർവഹിക്കും.
ഡിസംബർ 13
വൈകീട്ട് നടക്കുന്ന സാംസ്കാരിക പരിപാടികളെ തുടർന്ന് പ്രമുഖ എഴുത്തുകാരനും വിമർശകനുമായ ഹമീദ് ചേന്ദമംഗലൂരുമായുള്ള സംവാദം നടക്കും. 14ന് നടക്കുന്ന നൃത്ത-സംഗീത പരിപാടികൾക്കും ക്വിസ് മത്സരത്തിനും ശേഷം ഒമ്പതാമത് ബി.കെ.എസ്- ഡീസി അന്താരാഷ്ട്ര പുസ്തകമേളയുടെയും കൾച്ചറൽ കാർണിവലിന്റെയും സമാപന സമ്മേളനം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

