ബഹ്റൈനിലെ ഏറ്റവും വലിയ പക്ഷി പ്രദർശനമേളക്ക് ഇന്ന് സമാപനം
text_fieldsബഹ്റൈനിലെ ആലി കൾച്ചറൽ ആൻഡ് സ്പോർട്സ് ക്ലബിൽ നടക്കുന്ന പക്ഷിപ്രദർശന മേളയിൽനിന്ന്
മനാമ: ബഹ്റൈനിലെ ഏറ്റവും വലിയ പക്ഷി പ്രദർശനമേളയുടെ മൂന്നാം എഡിഷൻ ഇന്ന് അവസാനിക്കും. അതിമനോഹരമായ വിദേശ ഇനങ്ങളടക്കം 2500ലധികം പക്ഷികളെയാണ് മേളക്കായി സജ്ജമാക്കിയത്.
ബഹ്റൈൻ ബേർഡ്സ് സൊസൈറ്റി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഓർണിത്തോളജി ഷോ അലങ്കാര പക്ഷികളുടെ ഏറ്റവും വലിയ പ്രദർശനങ്ങളിലൊന്നാണ്. ആലി കൾച്ചറൽ ആൻഡ് സ്പോർട്സ് ക്ലബിലാണ് മൂന്നു ദിവസത്തെ അന്താരാഷ്ട്ര പക്ഷി പ്രദർശനം നടക്കുന്നത്. പ്രവേശനം സൗജന്യമാണ്. 14 രാജ്യങ്ങളിൽനിന്നുള്ള 150ലധികം പേർ പരിപാടിയിൽ പങ്കെടുക്കും. ജനുവരി 30ന് ആരംഭിച്ചതാണ് പ്രദർശനം. ഒന്നാം ദിനം സംഘാടകർക്കും വിധികർത്താക്കൾക്കും മാത്രമായിരുന്നു പ്രവേശനമനുവദിച്ചിരുന്നത്. ഇന്നലെ വൈകീട്ട് നാലുമുതലാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഇന്ന് രാവിലെ ഒമ്പതു മുതൽ പ്രവേശനം നൽകും. വൈകീട്ട് ഏഴുവരെയാകും പ്രദർശനം.
14 പ്രൈമറി സ്പീഷീസ് കൂടാതെ ലൗബേർഡ്സ്, കോക്ടെയ്ൽസ്, തത്തകൾ, ബഡ്ഗീസ്, ഫിഞ്ചസ് തുടങ്ങി വിവിധ ഇനത്തിൽപെട്ട 2500ലധികം പക്ഷികളാണ് മേളയുടെ ആകർഷണം. അലങ്കാര പക്ഷികളെ സംരക്ഷിക്കുന്നതും വളർത്തുന്നതും രാജ്യത്തെ അന്താരാഷ്ട്രതലത്തിൽ അടയാളപ്പെടുത്താൻ കഴിയുന്ന ഒരു പ്രവൃത്തിയാണെന്ന് ബി.ബി.എസ് ചെയർമാൻ അൽ അസ്ഫൂർ പറഞ്ഞു. മേളയിൽ ആയിരക്കണക്കിന് പേരെ സന്ദർശകരായി പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

