ഉഭയകക്ഷി ബന്ധം പുതിയ തലത്തിലേക്ക്; യു.എസ് ഉന്നതതല സംഘവുമായി ഹമദ് രാജാവ് കൂടിക്കാഴ്ച നടത്തി
text_fieldsബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ യു.എസ് കോൺഗ്രസ് പ്രതിനിധിസംഘവുമായുള്ള കൂടിക്കാഴ്ചയിൽനിന്ന്
മനാമ: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ യു.എസ് കോൺഗ്രസ് പ്രതിനിധിസംഘവുമായി മനാമയിൽ കൂടിക്കാഴ്ച നടത്തി. യു.എസ് സെനറ്റ് ആൻഡ് സർവിസസ് കമ്മിറ്റി അംഗം സെനറ്റർ മാർക്ക്വെയ്ൻ മുള്ളിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് രാജാവുമായി ചർച്ച നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ചരിത്രപരമായ ബന്ധത്തിന്റെ പുരോഗതിയും ഭാവി സഹകരണവും ചർച്ചയിൽ പ്രധാന വിഷയങ്ങളായി.
അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിലും ശക്തമായ സൗഹൃദത്തിലും ബഹ്റൈൻ വലിയ അഭിമാനം കൊള്ളുന്നതായി ഹമദ് രാജാവ് പറഞ്ഞു. എല്ലാ മേഖലകളിലും ഈ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്. മേഖലയിലെ സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിലും അന്താരാഷ്ട്ര കപ്പൽ ഗതാഗതം സംരക്ഷിക്കുന്നതിലും യു.എസ് നാവികസേനയുടെ സെൻട്രൽ കമാൻഡ് നടത്തുന്ന നിർണായക പ്രവർത്തനങ്ങളെ രാജാവ് പ്രത്യേകം പ്രശംസിച്ചു. ബഹ്റൈന്റെ വിവിധ വികസന മേഖലകളിൽ ഇവിടത്തെ അമേരിക്കൻ സമൂഹം നൽകുന്ന സംഭാവനകളെയും അദ്ദേഹം അഭിനന്ദിച്ചു.
ആഗോള സമാധാനവും പ്രാദേശിക സുരക്ഷയും നിലനിർത്തുന്നതിൽ അമേരിക്ക വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണെന്ന് രാജാവ് ചൂണ്ടിക്കാട്ടി. ലോകമെമ്പാടും സമാധാനം കൊണ്ടുവരുന്നതിനായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്ന പരിശ്രമങ്ങളെയും അദ്ദേഹം ചർച്ചയിൽ അഭിനന്ദിച്ചു.ബഹ്റൈനും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ പങ്കാളിത്തം ദൃഢമാക്കുന്നതിൽ ഹമദ് രാജാവ് പുലർത്തുന്ന താൽപര്യത്തിന് യു.എസ് പ്രതിനിധിസംഘം നന്ദി രേഖപ്പെടുത്തി. മേഖലയിലെ സമാധാനത്തിനും സുസ്ഥിരതക്കും ബഹ്റൈൻ നൽകുന്ന പിന്തുണയെയും സ്വീകരിക്കുന്ന നിലപാടുകളെയും പ്രശംസിച്ചതോടൊപ്പം സമാധാനം പ്രോത്സാഹിപ്പിക്കുന്നതിൽ ബഹ്റൈന്റെ പങ്ക് ആഗോളതലത്തിൽ ശ്രദ്ധേയമാണെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

