ഉഭയകക്ഷി സഹകരണം; ബഹ്റൈനും കുവൈത്തും ധാരണപത്രം ഒപ്പുവെച്ചു
text_fieldsകുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്
ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനിയെ സ്വീകരിച്ചപ്പോൾ
മനാമ: വിദ്യാഭ്യാസം, തുറമുഖങ്ങൾ, സമുദ്ര സുരക്ഷ, നയതന്ത്ര, ഭരണപരിശീലനം എന്നീ മേഖലകളിലെ പരസ്പര സഹകരണത്തിനായി ബഹ്റൈനും കുവൈത്തും ധാരണപത്രങ്ങളിൽ (എം.ഒ.യു) ഒപ്പുവെച്ചു.
വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് അൽ സയാനിയുടെയും കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യയുടെയും അധ്യക്ഷതയിൽ കുവൈത്തിൽ നടന്ന സംയുക്ത ഉന്നതസമിതി യോഗത്തിലാണ് എം.ഒ.യു ഒപ്പുവെച്ചത്.
കുവൈത്ത്-ബഹ്റൈൻ സംയുക്ത ഹയർ കമ്മിറ്റിയുടെ 11ാമത് സെഷനാണ് കുവൈത്തിൽ നടന്നത്. കുവൈത്തും ബഹ്റൈനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തൽ, സഹകരണത്തിന്റെ സുപ്രധാന മേഖലകളെക്കുറിച്ചുള്ള വിലയിരുത്തൽ, സാമ്പത്തികം, നിക്ഷേപം, സുരക്ഷ, വികസനം എന്നിവ കമ്മിറ്റി ചർച്ച ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ചരിത്ര ബന്ധത്തിന്റെ തുടർച്ചയായാണ് ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് അൽ സയാനി ചൂണ്ടിക്കാട്ടി.
നിലവിലെ പ്രാദേശിക, അന്തർദേശീയ വെല്ലുവിളികളെ നേരിടാൻ കൂടുതൽ സഹകരണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്ത് ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, ഡോ. അൽ സയാനിയെയും സംഘത്തെയും സെയ്ഫ് കൊട്ടാരത്തിൽ സ്വീകരിച്ചു.
വിദേശകാര്യ മന്ത്രി അൽ യഹ്യ യോഗത്തിൽ പങ്കെടുത്തു. കുവൈത്ത് കിരീടാവകാശി ഇരുരാജ്യങ്ങളും തമ്മിലുള്ള ദൃഢവും ചരിത്രപരവുമായ ബന്ധത്തെ അഭിനന്ദിക്കുകയും ബഹ്റൈൻ ഭരണാധികാരികൾക്ക് തന്റെ ആശംസകൾ അറിയിക്കുകയും ബഹ്റൈന് പുരോഗതിയും സമൃദ്ധിയും ആശംസിക്കുകയും ചെയ്തു.
കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹുമായും ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

