17 വർഷത്തെ പ്രവാസക്കടൽ കടന്ന് ഭീമ റാവു നാട്ടിലേക്ക്; തുണയായി റിയാസ് ഓമാനൂര്‍
text_fieldsഭീമ റാവുവിനൊപ്പം റിയാസ് ഒമാനൂർ
മനാമ: പതിനേഴ് വർഷത്തിലധികമായി നാട്ടിൽ പോകാൻ കഴിയാതെ പ്രയാസപ്പെട്ട മഹാരാഷ്ട്ര ലാത്തൂർ സ്വദേശി ഭീമ റാവു ഒടുവിൽ പ്രിയപ്പെട്ടവരുടെ അരികിലേക്ക് മടങ്ങി. നീണ്ട പ്രവാസജീവിതത്തിനിടയിൽ രേഖകളില്ലാതെയും ആരോഗ്യപ്രശ്നങ്ങൾ മൂലവും ദുരിതത്തിലായ ഇദ്ദേഹത്തെ നാട്ടിലെത്തിക്കാൻ ബഹ്‌റൈൻ കെ.എം.സി.സി പ്രവർത്തകനായ റിയാസ് ഒമാനൂർ നടത്തിയ ഇടപെടലുകളാണ് തുണയായത്.
17 വർഷങ്ങൾക്ക് മുമ്പ് ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലിക്കാരനായി ബഹ്‌റൈനിലെത്തിയതായിരുന്നു ഭീമ റാവു. അഞ്ച് വർഷത്തിന് ശേഷം കമ്പനി പൂട്ടിപ്പോകുകയും പാസ്‌പോർട്ട് തിരിച്ചുകിട്ടാതിരിക്കുകയും ചെയ്തതോടെ അദ്ദേഹത്തിന്റെ ജീവിതം പ്രതിസന്ധിയിലായി. പിന്നീട് മതിയായ രേഖകളില്ലാതെ വിവിധ ജോലികൾ ചെയ്തു ജീവിക്കുകയായിരുന്നു. ഓർമക്കുറവ് അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന അദ്ദേഹത്തിന് കുടുംബത്തെ ബന്ധപ്പെടാനുള്ള മാർഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഏകദേശം പത്ത് വർഷത്തോളമായി സ്വന്തം കുടുംബവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുകയായിരുന്നു അദ്ദേഹം.
അറേബ്യൻ ടാക്സിയിലെ നജീബ് വഴിയാണ് ഭീമ റാഉവിന്റെ ദയനീയാവസ്ഥ കെ.എം.സി.സി മലപ്പുറം ജില്ലാ മുൻ ഭാരവാഹിയും സാമൂഹിക പ്രവർത്തകനുമായ റിയാസ് ഒമാനൂരിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് അദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ റിയാസ് ആരംഭിച്ചു. ഇന്ത്യൻ എംബസിയുടെയും മഹാരാഷ്ട്ര മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി സി.എച്ച്. അബ്ദുറഹ്മാന്റെയും സഹായത്തോടെ നടത്തിയ ദീർഘമായ അന്വേഷണത്തിനൊടുവിൽ കുടുംബത്തെ കണ്ടെത്താനായി.
രേഖകളൊന്നും കൈവശമില്ലാത്തതിനാലും എമിഗ്രേഷൻ, എൽ.എം.ആർ.എ രേഖകളിൽ ബയോമെട്രിക് വിവരങ്ങൾ ലഭ്യമല്ലാത്തതിനാലും പാസ്‌പോർട്ട് ലഭിക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. എന്നാൽ ലാത്തൂർ പൊലീസ് സ്റ്റേഷന്റെയും ഇന്ത്യൻ എംബസിയുടെയും സഹകരണത്തോടെ എമർജൻസി പാസ്‌പോർട്ട് ലഭ്യമാക്കാൻ സാധിച്ചു.
ആറ് മാസത്തോളം നീണ്ട നിയമനടപടികൾക്കും ശ്രമങ്ങൾക്കും ഒടുവിൽ ബഹ്‌റൈൻ എമിഗ്രേഷനിൽ നിന്ന് എക്സിറ്റ് ക്ലിയറൻസ് ലഭിക്കുകയും, അദ്ദേഹം കഴിഞ്ഞ ദിവസം സുരക്ഷിതമായി നാടണയുകയും ചെയ്തു. റിയാസ് ഒമാനൂരിന്റെ നേതൃത്വത്തിൽ നടന്ന ഈ ജീവകാരുണ്യ പ്രവർത്തനത്തെ നിരവധി പേരാണ് അഭിനന്ദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

