ഭാരതി അസോസിയേഷൻ ഗ്രാൻഡ് പൊങ്കൽ ആഘോഷം ജനുവരി 16ന്
text_fieldsഭാരതി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഗ്രാൻഡ് പൊങ്കൽ ആഘോഷത്തിന്റെ പ്രഖ്യാപന വാർത്തസമ്മേളനത്തിൽനിന്ന്
മനാമ: ബഹ്റൈൻ സോഷ്യൽ ഡെവലപ്മെന്റ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന, രജിസ്റ്റർ ചെയ്ത തമിഴ് അസോസിയേഷനായ ഭാരതി അസോസിയേഷൻ, ഗ്രാൻഡ് പൊങ്കൽ ആഘോഷം സംഘടിപ്പിക്കും. സ്റ്റാർ വിഷൻ ഇവന്റ്സ് സഹകരണത്തോടെ, ജനുവരി 16ന് ഇന്ത്യൻ ക്ലബിൽ വെച്ചാണ് പരിപാടി നടക്കുകയെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യൻ ക്ലബിൽ ജനുവരി 16ന് രാവിലെയും വൈകീട്ടുമായി രണ്ട് സെഷനുകളായി വിഭജിച്ചാണ് ആഘോഷ പരിപാടികൾ നടക്കുക. പുതിയ മൺപാത്രങ്ങളിൽ വെൺപൊങ്കൽ പാചകം ചെയ്തും, കരിമ്പും മാവിലകളും പൂക്കളും വാഴകളും കൊണ്ട് അലങ്കരിച്ച് ഉത്സവ അന്തരീക്ഷത്തിലായിരിക്കും പൊങ്കലാഘോഷങ്ങൾ. ഒന്നിലധികം ദിവസങ്ങളായി നടക്കുന്ന വിളവെടുപ്പുത്സവമാണ് പൊങ്കൽ. തമിഴ് ജനതയുടെ പ്രിയപ്പെട്ട ഉത്സവമായ തൈപ്പൊങ്കൽ, തമിഴ് കലണ്ടറിലെ തൈ മാസത്തിന്റെ ആദ്യദിനത്തോടൊപ്പമാണ് ആഗതമാകുന്നത്. വിളവിന്, സൂര്യന്, പ്രകൃതിക്ക് നന്ദി അറിയിക്കുന്ന ഈ ഉത്സവത്തിന് തമിഴ് സമൂഹത്തിൽ വലിയ സാംസ്കാരിക പ്രാധാന്യമാണുള്ളത്.
രാവിലെ 7:30ന് കോലമിടൽ മത്സരത്തോടെ ആരംഭിക്കും. ഉറിയടി, വടംവലി ഉൾപ്പെടെയുള്ള കായികമത്സരങ്ങളും അരങ്ങേറും. സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേകം മത്സരങ്ങൾ ഒരുക്കിയിട്ടുണ്ട്. നൂറുകണക്കിന് സമ്മാനങ്ങളും വിതരണം ചെയ്യും. സമൃദ്ധമായ പൊങ്കൽ വിരുന്ന്, 60ത്തിലധികം സ്ത്രീകൾ പങ്കെടുക്കുന്ന കുമ്മി നൃത്തം ഉൾപ്പെടെ വിവിധ ഗ്രാമീണ നൃത്തങ്ങൾ അരങ്ങേറും. വൈകീട്ടുള്ള സെഷനിൽ ലൈവ് ഓർക്കസ്ട്രയും തമിഴ് സിനിമ സെലിബ്രിറ്റികളുടെ പ്രകടനങ്ങളും അരങ്ങേറും. ആഘോഷത്തിൽ ബഹ്റൈനിലെ തമിഴ് സമൂഹത്തിൽ നിന്നുള്ള നിരവധിപേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

