ഇന്ത്യൻ സ്കൂളിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ലോക സ്കൗട്ട്സ് ദിനവും ലോക ചിന്താദിനവും ആഘോഷിച്ചു
text_fieldsഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ലോക സ്കൗട്ട്സ് ദിനാഘോഷത്തിൽനിന്ന്
മനാമ: ഇന്ത്യൻ സ്കൂളിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗം ലോക സ്കൗട്ട്സ് ദിനവും ലോക ചിന്താദിനവും വിവിധ പരിപാടികളോടെ ജൂനിയർ കാമ്പസിൽ ആഘോഷിച്ചു. ഇസ ടൗൺ കാമ്പസിലെയും ജൂനിയർ കാമ്പസിലെയും ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂനിറ്റുകൾ സംയുക്തമായി ആതിഥേയത്വം വഹിച്ച പരിപാടിയിൽ ആകർഷകവും പ്രചോദനാത്മകവുമായ നിരവധി പരിപാടികൾ ഉണ്ടായിരുന്നു.
സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രോജക്ട് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജൂനിയർ കാമ്പസിലെ കബ്സിന്റെ സ്വാഗതത്തോടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് അതിഥികളെ ആദരിക്കലും അസംബ്ലിയും നടന്നു. സെക്രട്ടറി വി. രാജപാണ്ഡ്യൻ പതാക ഉയർത്തി. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ആശംസ പ്രസംഗം നടത്തി.
സ്കൗട്ട് മാസ്റ്റർ ആർ. ചിന്നസാമി സ്കൗട്ടിങ്ങിന്റെ അടിസ്ഥാന മൂല്യങ്ങൾ ഉയർത്തിക്കാട്ടുന്ന പ്രസംഗം നടത്തി. ‘ഇറ്റ്സ് എ ബ്യൂട്ടിഫുൾ ഡേ’ എന്ന ആംഗ്യപ്പാട്ടും ബുൾബുൾസിന്റെ സ്വാഗത ഗാനവും ഉൾപ്പെടെ നിരവധി ആകർഷകമായ പ്രകടനങ്ങൾ ഉണ്ടായിരുന്നു. മൈക്രോഗ്രീൻസ് പ്രസന്റേഷൻ, പെൻഗ്വിൻ നൃത്തം, ഘോഷയാത്ര, കബ്സ് ആൻഡ് ബുൾബുൾസിന്റെ ജംഗ്ൾ ബുക്ക് സ്കിറ്റ് എന്നിവ പ്രധാന ആകർഷണങ്ങളായിരുന്നു.
ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ സമ്മേളനത്തെ അഭിസംബോധന ചെയ്തു. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിജയൻ നായർ നന്ദി പറഞ്ഞു. സ്കൗട്ട്സ് ആൻഡ് ഗൈഡുകളുടെ പ്രവർത്തനങ്ങളിൽ ആവേശത്തോടെ പങ്കെടുത്ത വിദ്യാർഥികളെയും അധ്യാപകരെയും സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ അഭിനന്ദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.