ബീച്ച് ക്ലീൻഅപ് ഡ്രൈവ് നടത്തി
text_fieldsഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ ബീച്ച് ക്ലീൻഅപ് ഡ്രൈവിൽ പങ്കെടുത്തവർ
മനാമ: പരിസ്ഥിതി സംരക്ഷണത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ഭാഗമായി ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ - ഐ.സി.ആർ.എഫ് ബഹ്റൈൻ, ഏഷ്യൻ സ്കൂളുമായി ചേർന്ന് കർബാബാദ് ബീച്ചിൽ ശുചീകരണ കാമ്പയിൻ നടത്തി. വിദ്യാർഥികളിൽ പരിസ്ഥിതി അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഏഷ്യൻ സ്കൂളിലെ 120ഓളം വിദ്യാർഥികളും അധ്യാപകരും ഐ.സി.ആർ.എഫ് വളന്റിയർമാരും ആവേശത്തോടെ ഈ സംരംഭത്തിൽ പങ്കുചേർന്നു. ബീച്ചിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ, ഉപേക്ഷിക്കപ്പെട്ട കുപ്പികൾ, മറ്റ് അഴുക്കുകൾ എന്നിവ സംഘം നീക്കംചെയ്തു.
കടൽ മലിനീകരണം പ്രകൃതിക്ക് എത്രത്തോളം ദോഷകരമാണെന്നും ശരിയായ രീതിയിൽ മാലിന്യങ്ങൾ സംസ്കരിക്കേണ്ടതിന്റെ പ്രാധാന്യവും വിദ്യാർഥികൾക്ക് നേരിട്ട് മനസ്സിലാക്കാൻ ഈ പ്രവർത്തനം സഹായകമായി.
ഗൾഫ് സിറ്റി ക്ലീനിങ് കമ്പനി ആവശ്യമായ ഗ്ലൗസുകളും മാലിന്യങ്ങൾ ശേഖരിക്കാനുള്ള ബാഗുകളും നൽകി ഈ സംരംഭത്തെ പിന്തുണച്ചു. ശേഖരിച്ച മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള സൗകര്യവും കമ്പനി ഒരുക്കിയിരുന്നു. സമൂഹത്തിന്റെ നന്മക്കും പ്രകൃതി സംരക്ഷണത്തിനുമായി ഐ.സി.ആർ.എഫ് നടത്തുന്ന നിരന്തരമായ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ ബീച്ച് ക്ലീൻഅപ് ഡ്രൈവ് എന്ന് ചെയർമാൻ അഡ്വ. വി.കെ. തോമസ് പറഞ്ഞു. വരുംദിവസങ്ങളിലും സമാനമായ സാമൂഹിക പ്രവർത്തനങ്ങൾ തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.സി.ആർ.എഫ്, ഏഷ്യൻ സ്കൂൾ പ്രതിനിധികൾ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

