ജാഗ്രതൈ! നിങ്ങൾ സ്മാർട്ട് കാമറ നിരീക്ഷണത്തിലാണ്...
text_fieldsജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ട സ്മാർട്ട് കാമറ പകർത്തിയ വിവിധ നിയമലംഘന ദൃശ്യങ്ങൾ
മനാമ: ബഹ്റൈനിലെ റോഡുകളിൽ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ സ്ഥാപിച്ച സ്മാർട്ട് കാമറകൾ അതി ജാഗ്രതയിലാണെന്ന മുന്നറിയിപ്പുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. നിർമിതബുദ്ധിയുടെ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന കാമറകൾ കഴിഞ്ഞ ദിവസങ്ങളിൽ പകർത്തിയ വിവിധ നിയമലംഘനങ്ങളുടെ ദൃശ്യങ്ങൾ അധികൃതർ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചു. വാഹനമോടിക്കുന്നവർക്കിടയിൽ സുരക്ഷ അവബോധം വളർത്തുന്നതിനും നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ നടപടി.
കഴിഞ്ഞ ഡിസംബർ ഒന്നു മുതൽ പുതിയ സ്മാർട്ട് കാമറകൾ ട്രാഫിക് നിയമലംഘനങ്ങൾ സ്വയമേവ നിരീക്ഷിച്ചുതുടങ്ങുമെന്നും 2026ന്റെ തുടക്കത്തോടെ ഏകദേശം 300 പുതിയ സ്മാർട്ട് കാമറകൾകൂടി വിവിധ റോഡുകളിൽ സ്ഥാപിക്കുമെന്നും നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് വിവിധ ട്രാഫിക് നിയമലംഘനങ്ങളുടെ ചിത്രങ്ങളടക്കം അധികൃതർ പുറത്തുവിട്ടത്.
സ്മാർട്ട് കാമറകൾക്ക് പുറമെ ട്രാഫിക് വിഭാഗത്തിന്റെ സിവിൽ പട്രോളിങ് യൂനിറ്റുകളും റോഡുകളിൽ നിരന്തര നിരീക്ഷണം നടത്തും. കൂടാതെ നിയമലംഘകർക്കായി പുതിയ ‘പോയന്റ് സിസ്റ്റ’വും നടപ്പിലാക്കിയിട്ടുണ്ട്. ഓരോ നിയമലംഘനത്തിനും പോയന്റുകൾ നൽകുകയും, നിശ്ചിത പരിധി കഴിഞ്ഞാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന രീതിയാണിത്.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയും നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിലൂടെയും റോഡപകടങ്ങൾ കുറക്കുകയും പൊതുജന സുരക്ഷ ഉറപ്പാക്കുകയുമാണ് അധികൃതരുടെ ലക്ഷ്യം. നിങ്ങളുടെ ഓരോ ചലനവും സ്മാർട്ട് കാമറകൾ നിരീക്ഷിക്കുന്നുണ്ടെന്ന ബോധ്യത്തോടെ വാഹനമോടിക്കണമെന്നും, പിഴകൾ ഒഴിവാക്കുന്നതിലുപരി സ്വന്തം സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കുമായി ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ഡയറക്ടറേറ്റ് അഭ്യർഥിച്ചു.
കാമറകൾ നിരീക്ഷിക്കുന്ന പ്രധാന നിയമലംഘനങ്ങൾ
ഡ്രൈവിങ്ങിനിടെയുള്ള ഫോൺ ഉപയോഗം കാമറകൾ കൃത്യമായി കണ്ടെത്തുന്നു
ഡ്രൈവറും മുൻസീറ്റിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു
നിശ്ചിത പരിധിയിൽ കൂടുതൽ വേഗത്തിൽ പോകുന്ന വാഹനങ്ങളെ തൽക്ഷണം രേഖപ്പെടുത്തുന്നു
ചുവപ്പ് സിഗ്നൽ മറികടക്കുന്നവരെ പിടികൂടുന്നു
ട്രാഫിക് നിയമങ്ങൾ ലംഘിച്ചുള്ള ലെയ്ൻ മാറ്റങ്ങൾ നിരീക്ഷിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

