ഇൻസ്റ്റഗ്രാമിലെ വ്യാജ ഓൺലൈൻ ഷോപ്പുകൾക്കെതിരെ ജാഗ്രത വേണം
text_fieldsമനാമ: പ്രമുഖ റീട്ടെയിൽ സ്ഥാപനങ്ങളുടെ പേരിൽ ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് നടത്തുന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വീണ്ടും വർധിക്കുന്നതായി ബഹ്റൈൻ സൈബർ ക്രൈം ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതിനായി ഔദ്യോഗിക സ്ഥാപനങ്ങളോട് സാമ്യമുള്ള രീതിയിലാണ് ഇത്തരം അക്കൗണ്ടുകൾ പ്രവർത്തിക്കുന്നത്. നേരത്തെയും സമാന വിഷയത്തിൽ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
യഥാർഥ സ്റ്റോറുകളുടെ പേര്, ലോഗോ, ചിത്രങ്ങൾ എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത്. ആളുകളുടെ വിശ്വാസം നേടിയെടുക്കാൻ വൻ ഡിസ്കൗണ്ടുകളും ആകർഷകമായ പ്രമോഷനുകളും വാഗ്ദാനം ചെയ്യും. പണം നേരിട്ട് കൈമാറാനോ അല്ലെങ്കിൽ ഇൻസ്റ്റഗ്രാമിന് പുറത്ത് വാട്സ്ആപ് പോലുള്ള ആപ്പുകൾ വഴി ആശയവിനിമയം നടത്താനോ ഇവർ നിർബന്ധിക്കും. ഇത് അധികൃതരുടെ ശ്രദ്ധയിൽ പെടാതിരിക്കാനുള്ള തന്ത്രമാണ്.
ഇത്തരക്കാർക്കെതിരെ ജാഗ്രത വേണമെന്നും അക്കൗണ്ടിന്റെ പേരോ ലോഗോയോ മാത്രം കണ്ട് വിശ്വസിക്കരുതെന്നും ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയോ നേരിട്ടോ അക്കൗണ്ടുകൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നുമാണ് അധികൃതർ അറിയിക്കുന്നത്. സാധനങ്ങൾ വാങ്ങുന്നതിനു മുമ്പ് അക്കൗണ്ടിന്റെ ഹിസ്റ്ററി, മറ്റ് ഉപഭോക്താക്കളുടെ പ്രതികരണങ്ങൾ, എൻഗേജ്മെന്റ് എന്നിവ പരിശോധിക്കണം. നേരിട്ടുള്ള പണമിടപാടുകൾ ഒഴിവാക്കി സുരക്ഷിതമായ പേയ്മെന്റ് രീതികൾ മാത്രം ഉപയോഗിക്കുക. സംശയാസ്പദമായ അക്കൗണ്ടുകളെക്കുറിച്ച് ഉടൻ തന്നെ റിപ്പോർട്ട് ചെയ്യുകയും ചെയ്യണം. സൈബർ തട്ടിപ്പുകളെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച മാർഗം ഡിജിറ്റൽ ബോധവത്കരണമാണെന്ന് ഡയറക്ടറേറ്റ് ഓർമിപ്പിച്ചു. തട്ടിപ്പിന് ഇരയായാലോ സംശയാസ്പദമായ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാലോ ഹോട്ട്ലൈൻ വഴിയോ നേരിട്ടോ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

