കൊല്ലം പ്രവാസി അസോസിയേഷന് ബി.ഡി.എഫിന്റെ ആദരം
text_fieldsകൊല്ലം പ്രവാസി അസോസിയേഷനുള്ള ബി.ഡി.എഫിന്റെ ആദരം ഏറ്റു വാങ്ങുന്നു
മനാമ: മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് രക്തദാന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന കൊല്ലം പ്രവാസി അസോസിയേഷന് ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് (ബി.ഡി.എഫ്)-റോയൽ മെഡിക്കൽ സർവിസസിന്റെ ബഹുമതി ലഭിച്ചു. ‘സ്നേഹസ്പർശം’ എന്നപേരിൽ ഇരുപതോളം ബ്ലഡ് ഡൊണേഷൻ ക്യാമ്പുകളടക്കം നിരവധി ജീവൻ രക്ഷാപ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന അസോസിയേഷനെ ആദരിച്ച ആർ.എം.എസ് ബ്ലഡ് ഡോണർ റെക്കഗ്നിഷൻ ഡേ എന്ന ചടങ്ങ് ഏറെ ശ്രദ്ധേയമായി.
ബഹ്റൈൻ റോയൽ മെഡിക്കൽ സർവിസസ് കമാൻഡറായ ബ്രിഗേഡിയർ ജനറൽ ഡോക്ടർ ഷെയ്ഖ് ഫഗത് ബിൻ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയിൽനിന്ന് അസോസിയേഷനുവേണ്ടി ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ ആദരവ് ഏറ്റുവാങ്ങി.
സാമൂഹിക പ്രതിബദ്ധതയുടെയും സേവനത്തിന്റെയും പ്രതീകമായി ലഭിച്ച ഈ അംഗീകാരം, അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുമെന്ന് കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ, ബ്ലഡ് ഡൊണേഷൻ കൺവീനർമാരായ പ്രമോദ് വി.എം, നവാസ് ജലാലുദ്ദീൻ എന്നിവർ അറിയിച്ചു.
രക്തദാനം ഒരു സംസ്കാരമായി വളർത്താൻ അസോസിയേഷൻ ഇനിയും മുൻപന്തിയിലുണ്ടാകുമെന്നും അസോസിയേഷന്റെ മുഴുവൻ അംഗങ്ങൾക്കും ഇത് അഭിമാനിക്കാവുന്ന നേട്ടമാണെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

