ബി.ഡി.എഫ് വാർഷികം: സൈനികക്കരുത്തിൽ അഭിമാനം പ്രകടിപ്പിച്ച് ഹമദ് രാജാവ്
text_fieldsബി.ഡി.എഫ് വാർഷികത്തിൽ പങ്കെടുക്കാനെത്തിയ ഹമദ് രാജാവ്
മനാമ: ബഹ്റൈൻ ഡിഫൻസ് ഫോഴ്സിന്റെ (ബി.ഡി.എഫ്) 58ാം വാർഷികത്തോടനുബന്ധിച്ച് സൈന്യത്തിന്റെ സേവനങ്ങളെ പ്രകീർത്തിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിൽ സൈന്യം കാട്ടുന്ന അർപ്പണബോധം രാജ്യത്തിന് അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. വാർഷികത്തോടനുബന്ധിച്ച് ബി.ഡി.എഫ് ജനറൽ കമാൻഡ് സന്ദർശിച്ച വേളയിലായിരുന്നു രാജാവിന്റെ പരാമർശം.
സമാധാനത്തിന് മുൻഗണന
വെല്ലുവിളികളെ നേരിടാൻ സംഭാഷണങ്ങൾക്കും സമാധാനപരമായ പരിഹാരങ്ങൾക്കുമാണ് ബഹ്റൈൻ മുൻഗണന നൽകുന്നതെന്ന് സായുധസേനയുടെ സുപ്രീം കമാൻഡർ കൂടിയായ ഹമദ് രാജാവ് വ്യക്തമാക്കി.
സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള അവസാന മാർഗമായി മാത്രമേ സൈനിക നടപടികളെ കണക്കാക്കാവൂവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഹമദ് രാജാവിനോടൊപ്പം കിരീടാവകാശിയും പ്രധാനമന്ത്രിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സന്ദർശനത്തിൽ പങ്കുചേർന്നു. ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരാണ് ഹമദ് രാജാവിനെ സ്വീകരിച്ചത്. വാർഷികത്തോടനുബന്ധിച്ച് കിരീടാവകാശി രാജാവിനും കമാൻഡർ ഇൻ ചീഫ് കിരീടാവകാശിക്കും സ്മരണികകൾ കൈമാറി.
വികസനത്തിന്റെ നെടുംതൂൺ
രാജ്യത്തിന്റെ വികസനത്തിന് സുരക്ഷ അത്യാവശ്യമാണെന്നും ആ സുരക്ഷ ഉറപ്പാക്കുന്നതിൽ ബി.ഡി.എഫ് നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും രാജാവ് ഓർമിപ്പിച്ചു. പ്രതിരോധ മേഖലയിൽ മാത്രമല്ല, ആരോഗ്യം, ഭവനം, കായികം തുടങ്ങിയ മേഖലകളിലും രാജ്യാന്തര നിലവാരമുള്ള എയർഷോ പോലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിലും ബി.ഡി.എഫ് നൽകുന്ന സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു.
സൈന്യത്തിന്റെ സന്നദ്ധതയും ആധുനികവത്കരണവും അന്താരാഷ്ട്രതലത്തിൽ ബഹ്റൈന്റെ പ്രതിച്ഛായ വർധിപ്പിച്ചതായും രാജാവ് കൂട്ടിച്ചേർത്തു. വാർഷികത്തോടനുബന്ധിച്ച് എല്ലാ സൈനികർക്കും ഉദ്യോഗസ്ഥർക്കും പൗരന്മാർക്കും അദ്ദേഹം ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

