ഖാലിദ് ബിൻ ഹമദ് ക്രിക്കറ്റ് ലീഗ് ഡിവിഷൻ എ കിരീടം സ്വന്തമാക്കി ബി.സി.സി എ ടീം
text_fieldsഖാലിദ് ബിൻ ഹമദ് ക്രിക്കറ്റ് ലീഗ് ഡിവിഷൻ എ കിരീടം സ്വന്തമാക്കിയ ബി.സി.സി.എ ടീം
മനാമ: ഖാലിദ് ബിൻ ഹമദ് ക്രിക്കറ്റ് ലീഗ് 2025 - സീരീസ് 1 ഡിവിഷൻ ‘എ’യുടെ കിരീടം ബഹ്‌റൈൻ ക്രിക്കറ്റ് ക്ലബ് എ (ബി.സി.സി) എ ടീം സ്വന്തമാക്കി. ഒക്ടോബർ 17 വെള്ളിയാഴ്ച ബുസൈതീനിൽ നടന്ന ഫൈനലിൽ എൻ.എസ്.ബി ലഗൂണയെ 41 റൺസിന് തകർത്താണ് ബി.സി.സി.എ ടീം ചാമ്പ്യന്മാരായത്. ഓപണർ ഷഹബാസ് ബദർ നേടിയ 78 റൺസും ബൗളർമാരുടെ മികച്ച പ്രകടനവുമാണ് ടീമിന്‍റെ വിജയത്തിന് അടിത്തറയായത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബി.സി.സി.എ ടീം ആദ്യ ഓവറിൽതന്നെ ഇമ്രാൻ ബട്ടിനെ നഷ്ടമായിരുന്നു. എന്നാൽ, പിന്നീട് ഷഹബാസ് ബദർ ബാറ്റിങ് ഏറ്റെടുത്തു. 56 പന്തിൽ 7 ബൗണ്ടറികളും ഒരു സിക്സും ഉൾപ്പെടെ 78 റൺസ് നേടിയ ബദർ 20ാം ഓവർ വരെ ക്രീസിൽ നിലയുറപ്പിക്കുകയായിരുന്നു. ബി.സി.സി എ ടീം 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് എന്ന മികച്ച സ്കോർ നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ എൻ.എസ്.ബി ലഗൂണക്ക് തുടക്കത്തിൽതന്നെ തിരിച്ചടി നേരിട്ടു. അപകടകാരിയായ ക്യാപ്റ്റൻ ആസിഫ് അലിയെയും തുടർന്ന് മുഹമ്മദ് താരിഖ് സലീമിനെയും പുറത്താക്കി പേസർ അലി ദാവൂദ് തകർച്ചക്ക് തുടക്കമിട്ടു. ദാവൂദ് 26 റൺസ് വഴങ്ങി 3 വിക്കറ്റ് നേടി. ബിലാൽ ബാദ്ഷാ (31 പന്തിൽ 35) മാത്രമാണ് എൻ.എസ്.ബി ലഗൂണക്ക് വേണ്ടി അൽപമെങ്കിലും പ്രതിരോധം തീർത്തത്.
എൻ.എസ്.ബി ലഗൂണ 18ാം ഓവറിൽ 120 റൺസോടെ കൂടാരം കയറി. വിജയത്തിന് നിർണായകമായ ഇന്നിങ്സ് കളിച്ച ഷഹബാസ് ബദർ ‘മാൻ ഓഫ് ദ മാച്ച്’ പുരസ്കാരത്തിന് അർഹനായി. ഖാലിദ് ബിൻ ഹമദ് ക്രിക്കറ്റ് ലീഗിന്റെ ടി20 സീരീസ് 1, ഡിവിഷൻ എ ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവെച്ച ചാമ്പ്യൻ ടീമിനും റണ്ണേഴ്സ് അപ്പിനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കായികരംഗത്തെ മികവിനെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് മുഹമ്മദ് മൻസൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

