ഹജ്ജ്, ബലിപെരുന്നാൾ, വേനലവധി; സേവനം മെച്ചപ്പെടുത്താനൊരുങ്ങി ബഹ്റൈൻ എയർപോർട്ട് സർവിസസ്
text_fieldsമനാമ: ഹജ്ജ്, ബലിപെരുന്നാൾ, ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള വേനലവധി എന്നിവ ലക്ഷ്യമിട്ട് സേവനം മെച്ചപ്പെടുത്താനൊരുങ്ങി ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം. വർധിച്ചു വരുന്ന ആവശ്യങ്ങൽ നിറവേറ്റുന്നതിനായി ബഹ്റൈൻ എയർപോർട്ട് സർവിസസ് (ബി.എ.എസ്) ഒരു സംയോജിത പ്രവർത്തന പദ്ധതിയാണ് നടപ്പാക്കുന്നത്. വിമാനത്താവളത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തന ശേഷി വർധിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
യാത്രക്കാരെ നേരിട്ട് സഹായിക്കുന്ന ജീവനക്കാരുടെ ടീമുകളെ കൂടുതൽ കാര്യക്ഷമമാക്കുകയും അവരുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യും. ലോജിസ്റ്റിക്സ് പിന്തുണ സജീവമാക്കും. ബാഗേജ് കൈകാര്യം ചെയ്യൽ മെച്ചപ്പെടുക വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ നീക്കം സുഗമവും തടസ്സരഹിതവുമാക്കുക എന്നിവയും മെച്ചപ്പെടുത്തലുകളുടെ ഭാഗമായി സജ്ജമാക്കും.
24 മണിക്കൂർ സേവന ലഭ്യതയും സമയബന്ധിതമായ തീരുമാനമെടുക്കലും ഉറപ്പാക്കുന്നതിനായി സർക്കാർ സ്ഥാപനങ്ങളുമായും എയർലൈനുകളുമായും ബി.എ.എസ് ഏകോപനം വർധിപ്പിച്ചിട്ടുണ്ട്. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനായി, 400ലധികം ടെർമിനൽ ജീവനക്കാർക്ക് ഇതിനോടകം കസ്റ്റമർ സർവിസ് എക്സലൻസ് പ്രോഗ്രാമിന് കീഴിൽ പരിശീലനം നൽകി. ആശയവിനിമയം, സമയപരിപാലനം, സമ്മർദം നിയന്ത്രിക്കൽ, ടീം വർക്ക് എന്നിവയെക്കുറിച്ചും പരിശീലനം നൽകിയിട്ടുണ്ട്.
30ലധികം ട്രെയിനികളെ ഹ്യൂമൻ റിസോഴ്സസ്, ഐടി, ഗ്രൗണ്ട് എക്യുപ്മെന്റ് സപ്പോർട്ട്, പരിശീലനം, ഫിനാൻസ് തുടങ്ങിയ വകുപ്പുകളിൽ പുതുതായി നിയമിച്ചു.കൂടാതെ സീസണ് മുന്നോടിയായുള്ള തയാറെടുപ്പുകൾക്ക് റിക്രൂട്ട്മെന്റ് പ്ലാൻ വഴി 60ലധികം പുതിയ ജീവനക്കാരെയും നേരത്തെ നിയമിച്ചിരുന്നു. ഇതിൽ 14 പേർ കാറ്ററിംഗിലും 50 പേർ എയർസൈഡ്, ടെർമിനൽ പ്രവർത്തനങ്ങളിലുമാണ് നിയമിക്കപ്പെട്ടത്. തത്സമയ നിരീക്ഷണത്തിനും പ്രശ്ന പരിഹാരങ്ങൾക്കും എല്ലാ വകുപ്പുകളിലും കംപ്ലയിൻസ്, ഓഡിറ്റ് ടീമുകളെയും വിന്യസിച്ചു.
തിരക്കേറിയ സമയങ്ങളിൽ സേവന നിലവാരം സുഗമമായ രീതിയിൽ തന്നെ നിലനിർത്തുന്നതിനുള്ള കമ്പനിയുടെ തയാറെടുപ്പുകളും സന്നദ്ധതയും ബി.എ.എസ് ചെയർമാൻ നബീൽ ഖാലിദ് കാനൂ എടുത്തു പറഞ്ഞു. നവീകരണം, പരിശീലനം, തന്ത്രപരമായ ആസൂത്രണം എന്നിവയിലൂടെ പ്രവർത്തന മികവ് നിലനിർത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

