ബാപ്കോ എനർജീസ് ബഹ്റൈൻ ചാമ്പ്യൻഷിപ്; കിരീടത്തിൽ മുത്തമിട്ട് ലൗറി കാന്റർ
text_fieldsലൗറി കാന്ററിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ചാമ്പ്യൻ പട്ടം കൈമാറുന്നു
മനാമ: രാജ്യത്തെ ഏറ്റവും വലിയ ഗോൾഫ് ടൂർണമെന്റായ ബാപ്കോ എനർജീസ് ബഹ്റൈൻ ചാമ്പ്യൻഷിപ് ജേതാവായി ഇംഗ്ലണ്ടിന്റെ ലൗറി കാന്റർ. വാശിയേറിയ ത്രീ-വേ ഫൈനൽ പോരാട്ടത്തിൽ നാട്ടുകാരനായ ഡാനിയൽ ബ്രൗണിനെയും സ്പാനിഷ് താരം പാബ്ലോ ലറാസബേലിനെയും മറികടന്നാണ് കാന്റർ തന്റെ രണ്ടാമത്തെ വേൾഡ് ഡി.പി ടൂർ ചാമ്പ്യൻപട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷം നടന്ന യൂറോപ്യൻ ഓപണിലായിരുന്നു ആദ്യ കിരീട ധാരണം.
ഒന്നാം ചാമ്പ്യൻ പട്ടം നേടി 250 ദിവസം പിന്നിട്ട ശേഷമാണ് രണ്ടാമത്തെ ഡി.പി ചാമ്പ്യൻപട്ടം കാന്ററെയെ തേടിയെത്തിയത്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയെ പ്രതിനിധീകരിച്ച് ചാമ്പ്യൻഷിപ്പിനെത്തിയ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ജേതാവിന് ചാമ്പ്യൻ പട്ടം കൈമാറി. മാനുഷിക കാര്യങ്ങൾക്കും യുവജന കാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി ചെയർമാനും യുവജന, കായിക സുപ്രീം കൗൺസിൽ ഒന്നാം വൈസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ, ഈസ ബിൻ സൽമാൻ എജുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനും ലേബർ ഫണ്ട് (തംകീൻ) ചെയർമാനുമായ ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
ഹമദ് രാജാവിന്റെ വീക്ഷണങ്ങൾക്കും താൽപര്യങ്ങൾക്കും അനുസൃതമായി പ്രധാന കായിക ഇനങ്ങൾക്ക് രാജ്യത്ത് വേദിയൊരുക്കുന്നതിനുള്ള സന്നദ്ധത കിരീടാവകാശി അറിയിച്ചു. കൂടാതെ ഗോൾഫ് മത്സരങ്ങൾക്ക് ലഭിക്കുന്ന ജനപ്രീതിയും ഈ കായികവിനോദത്തെ കൂടുതൽ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെയും കിരീടാവകാശി എടുത്തുപറഞ്ഞു. ബാപ്കോ എനർജീസ് ബഹ്റൈൻ ചാമ്പ്യൻഷിപ്പിന്റെ വിജയത്തിനായി പ്രവർത്തിച്ച ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെയും, ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെയും പ്രവർത്തനങ്ങളെ കിരീടാവകാശി പ്രശംസിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.