പുതിയ മോഡൽ തട്ടിപ്പ്; പ്രവാസി അധ്യാപികക്ക് നഷ്ടമായത് 1188 ദീനാർ പ്രതി ഏഷ്യക്കാരൻ
text_fieldsമനാമ: ഡേറ്റ ചോർത്തി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മനസ്സിലാക്കി തട്ടിപ്പ് നടത്തുന്ന സംഘം വീണ്ടും. സംഘത്തിന്റെ തട്ടിപ്പിനിരയായ പ്രവാസി അധ്യാപികക്ക് നഷ്ടമായത് സെക്കൻഡുകൾക്കുള്ളിൽ 1188 ദീനാറാണ്. ഒരു കമ്പനി ജീവനക്കാരനായ ഏഷ്യക്കാരനാണ് പ്രതി.
ഡേറ്റ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടെന്ന് പറഞ്ഞാണ് ഇയാൾ 40കാരിയായ അധ്യാപികയെ സമീപിച്ചത്. ബാങ്ക് കാർഡ് വെരിഫിക്കേഷൻ കോഡ് ചോദിച്ചറിഞ്ഞശേഷം അക്കൗണ്ടിൽനിന്ന് പണം തട്ടുകയായിരുന്നു. മറ്റൊരാളുടെ സഹായത്തോടെയാണ് അയാൾ തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഫോണിലേക്ക് വന്ന ഒ.ടി.പി നൽകിയയുടൻ 1100 ദീനാർ അക്കൗണ്ടിൽനിന്ന് നഷ്ടമായി. തുടർന്ന് 88 ദീനാറും പോയി.
പ്രതി ബഹ്റൈന് പുറത്തുള്ള കൂട്ടാളികളുമായി സഹകരിച്ചാണ് പ്രവർത്തിച്ചതെന്നും ഇലക്ട്രോണിക് തട്ടിപ്പിൽ വൈദഗ്ധ്യമുള്ള ഒരു ശൃംഖലയുടെ ഭാഗമാണിയാളെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. വഞ്ചനപരമായ പ്രവർത്തനങ്ങൾക്കായി തട്ടിപ്പുകാർ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നുണ്ട്. പ്രതിയെ വഞ്ചനക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതി ഇയാൾക്ക് മൂന്ന് വർഷം തടവും 1000 ദീനാർ പിഴയും നാടുകടത്തലും ശിക്ഷ വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

