പ്ലാസ്റ്റിക് കവറുകൾക്ക് നിരോധനം; നിലവിലുള്ള സ്റ്റോക്കുകൾ തീർക്കാൻ നിർദേശം
text_fieldsമനാമ: അടുത്ത മാസം മുതൽ ബഹ്‌റൈനിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന നേർത്ത പ്ലാസ്റ്റിക് കവറുകൾക്ക് നിരോധനം നിലവിൽ വരാനിരിക്കെ, നിർമ്മാതാക്കളും ഇറക്കുമതിക്കാരും വ്യാപാരികളും അടിയന്തരമായി ഒരുക്കങ്ങൾ പൂർത്തിയാക്കണമെന്ന് ഇൻഡസ്ട്രി ആൻഡ് കൊമേഴ്‌സ് മന്ത്രാലയം നിർദേശിച്ചു. നിരോധനം പ്രാബല്യത്തിൽ വരുംമുമ്പ് നിലവിലുള്ള സ്റ്റോക്കുകൾ തീർക്കാനും, മാനദണ്ഡങ്ങൾ പാലിക്കുന്ന പകരമുള്ള ഉൽപ്പന്നങ്ങൾ ഉറപ്പാക്കാനും ഉൽപ്പാദന ലൈനുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും മന്ത്രാലയത്തിലെ ഇൻസ്പെക്ഷൻ ആൻഡ് സ്റ്റാൻഡേർഡ് ഡയറക്ടറേറ്റ് ഡയറക്ടർ സയ്യിദ് അലി ശുബ്ബാർ കമ്പനികളോട് അഭ്യർത്ഥിച്ചു.
പുതിയ നിബന്ധനകളെക്കുറിച്ച് വ്യക്തമാക്കുന്ന സമഗ്രമായ ഗൈഡൻസ് മാനുവൽ മന്ത്രാലയം ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. സംശയങ്ങൾ ദൂരീകരിക്കുന്നതിനായി പ്രത്യേക ആശയവിനിമയ സംവിധാനങ്ങളും ബോധവൽക്കരണ ക്ലാസുകളും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. ലോക വ്യാപാര സംഘടനയ്ക്ക് കരട് നിയമം സമർപ്പിച്ച ശേഷം ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുമായും മറ്റ് ബന്ധപ്പെട്ടവരുമായും ചർച്ചകൾ നടത്തിയാണ് നിയമം രൂപീകരിച്ചതെന്ന് അദ്ദേഹം അറിയിച്ചു.
മിക്ക കമ്പനികളും പുതിയ മാറ്റങ്ങളോട് വലിയ സഹകരണമാണ് പ്രകടിപ്പിക്കുന്നതെന്നും പല സ്ഥാപനങ്ങളും ഇതിനകം പരിസ്ഥിതി സൗഹൃദ ബദലുകളിലേക്ക് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള പ്ലാസ്റ്റിക് കവറുകൾ കണ്ടെത്താനും പഴയ സ്റ്റോക്കുകൾ ഒഴിവാക്കാനും വ്യാപാരികൾ നേരിടുന്ന വെല്ലുവിളികൾ മന്ത്രാലയം തിരിച്ചറിയുന്നുണ്ട്. ഏത് സാഹചര്യത്തിലും നിശ്ചിത തീയതിക്ക് ശേഷം നിരോധനം കർശനമായി നടപ്പിലാക്കുമെന്നതിനാൽ എല്ലാ കച്ചവടക്കാരും നിയമം പാലിക്കാൻ തയ്യാറാകണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

