ഉച്ചജോലി വിലക്ക്: തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിൽ പരിശോധന
text_fieldsതൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാന്റെ നേതൃത്വത്തിൽ വിവിധ തൊഴിലിടങ്ങളിൽ
നടത്തിയ പരിശോധന
നിയമം പാലിക്കാൻ കമ്പനികളും സ്ഥാപനങ്ങളും സന്നദ്ധത പ്രകടിപ്പിച്ചതിനെ മന്ത്രി അഭിനന്ദിച്ചു
മനാമ: ഉച്ചജോലി വിലക്ക് സ്വകാര്യ മേഖലയിൽ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ തൊഴിൽമന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ വിവിധ തൊഴിലിടങ്ങളിൽ പരിശോധന നടത്തി.
കടുത്ത ചൂടിൽനിന്ന് തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നതിനാണ് ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉച്ചക്ക് 12 മുതൽ വൈകീട്ട് നാലുവരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി നിയമം കൊണ്ടുവന്നത്.
മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കൊപ്പം നടത്തിയ പരിശോധനയിൽ തൊഴിലിടങ്ങളിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് മന്ത്രി സ്ഥാപനങ്ങളിലെ സൂപ്പർവൈസർമാരോട് ചോദിച്ചറിഞ്ഞു. സൂര്യാതപം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളിൽനിന്ന് തൊഴിലാളികൾക്ക് സംരക്ഷണം നൽകുകയാണ് നിയമത്തിെന്റ ലക്ഷ്യം.
നിയമം കർശനമായി നടപ്പാക്കുന്നുണ്ടോയെന്ന് അറിയാൻ തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ജൂലൈ തുടക്കം മുതൽതന്നെ പരിശോധനകൾ നടത്തിവരുന്നുണ്ട്. ഇതുവരെ 16 തൊഴിലിടങ്ങളിൽ മാത്രമാണ് നിയമലംഘനം കണ്ടെത്തിയത്. നിയമം ലഘിച്ചതിന് 27 തൊഴിലാളികൾക്കെതിരെ നടപടി എടുത്തു. ഇവർക്കെതിരായ കേസ് നിയമനടപടികൾക്കായി പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.
ഉച്ച ജോലി വിലക്ക് പാലിക്കാൻ കമ്പനികളും സ്ഥാപനങ്ങളും സന്നദ്ധത പ്രകടിപ്പിച്ചതിനെ മന്ത്രി അഭിനന്ദിച്ചു. തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നതിനൊപ്പം ഉൽപാദന ക്ഷമത വർധിപ്പിക്കുകയുമാണ് നിയമത്തിെന്റ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കമ്പനികളുടെ പ്രവർത്തനം തടസ്സപ്പെടാത്ത വിധത്തിലാണ് തൊഴിൽ സമയം ക്രമീകരിച്ചിരിക്കുന്നത്. തൊഴിലാളികളുടെ സുരക്ഷയാണ് മന്ത്രാലയത്തിെന്റ മുഖ്യ പരിഗണന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമലംഘകർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉച്ച ജോലി വിലക്ക് ലംഘിച്ചാൽ ലഭിക്കുന്ന ശിക്ഷ നിയമത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. മൂന്ന് മാസത്തിൽ കവിയാത്ത തടവോ 500 ദീനാറിനും 1000 ദീനാറിനുമിടയിൽ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

