ബഹ്റൈൻ പൊതുമേഖല നിയമനം; പ്രവാസികൾക്ക് നിയന്ത്രണം കർശനമാക്കണം -എം.പിമാർ
text_fieldsമനാമ: പൊതുമേഖല സ്ഥാപനങ്ങളിലും മന്ത്രാലയങ്ങളിലും പ്രവാസികളെ നിയമിക്കുന്നതിനുള്ള വ്യവസ്ഥകൾ കർശനമാക്കുന്ന ബിൽ പാർലമെന്റ് വീണ്ടും അംഗീകരിച്ച് ശൂറാ കൗൺസിലിന്റെ രണ്ടാം അവലോകനത്തിനായി തിരിച്ചയച്ചു. സിവിൽ സർവിസ് നിയമത്തിലെ ആർട്ടിക്കിൾ 11ലെ ഭേദഗതികൾക്കാണ് എം.പിമാർ പിന്തുണ നൽകിയത്. നേരത്തേ ശൂറാ കൗൺസിൽ ഈ ബിൽ തത്ത്വത്തിൽ തള്ളിയിരുന്നു.
പൗരന്മാർക്ക് തൊഴിലവസരങ്ങൾ സംരക്ഷിക്കുന്നതിന് ഈ പരിഷ്കാരം അത്യാവശ്യമാണെന്നാണ് എം.പിമാർ വാദിക്കുന്നത്. ഈ ഭേദഗതി പ്രകാരം, യോഗ്യതയുള്ള ബഹ്റൈൻ പൗരൻ ലഭ്യമല്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ ഇനി മുതൽ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും വിദേശികളെ നിയമിക്കാൻ സാധിക്കൂ.
കൂടാതെ, നിയമിക്കപ്പെടുന്ന വിദേശിക്ക് മാസ്റ്റർ ബിരുദവും 10 വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ബഹ്റൈൻ ജീവനക്കാർക്ക് പരിശീലനം നൽകാനുള്ള കരാർ ബാധ്യതയും വിദേശി ജീവനക്കാർക്ക് ഉണ്ടാകും. വിദേശികൾക്കുള്ള കരാർ പരമാവധി രണ്ട് വർഷത്തേക്ക് ആയിരിക്കും. ഒരുതവണ മാത്രമേ ഇത് പുതുക്കാൻ സാധിക്കൂ, അതും ബഹ്റൈൻ അപേക്ഷകരൊന്നും തത്തുല്യമായ ജോലിക്ക് യോഗ്യരല്ലെന്ന് സിവിൽ സർവിസ് കമീഷൻ സാക്ഷ്യപ്പെടുത്തിയാൽ മാത്രം. നിയമത്തിൽ ഒരു നിശ്ചിത അക്കാദമിക് തലവും വിശദമായ വ്യവസ്ഥകളും നിർബന്ധമാക്കുന്നത് സിവിൽ സർവിസ് നിയമത്തിന്റെ നിയമനിർമാണ സമീപനത്തിന് യോജിച്ചതല്ലെന്ന് സർക്കാർ മെമ്മോറാണ്ടത്തിൽ ആവശ്യപ്പെട്ടു.
ഓരോ തസ്തികക്കും ആവശ്യമായ അറിവ്, കഴിവുകൾ, അധിക യോഗ്യതകൾ എന്നിവയെക്കുറിച്ചുള്ള തീരുമാനങ്ങൾ തസ്തികയുടെ യഥാർഥ ആവശ്യകതകളെയും മാറുന്ന സാഹചര്യങ്ങളെയും ആശ്രയിച്ചിരിക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.ഭേദഗതി നിലവിൽ ശൂറാ കൗൺസിലിന്റെ തുടർപരിശോധനക്കായും അനുമതിക്കായും കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

